ഇടുക്കി: ഓണക്കാലത്ത് പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളായ ഏത്തക്ക ചിപ്സ്, ശർക്കര വരട്ടി എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കി. സാമ്പിളുകൾ ശേഖരിച്ച് വിശദമായ ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈ രണ്ടു ഭക്ഷ്യവസ്തുക്കളിലും കണ്ടെത്തുന്ന ന്യൂനത നിരോധിച്ചതും, ചേർക്കുവാൻ അനുവാദമില്ലാത്തതുമായ കളറുകൾ ചേർത്തിരിക്കുന്നു എന്നതാണ്. ഇവ സുരക്ഷിതമല്ലാത്ത ഭക്ഷണം എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇത്തരം നിയമലംഘനങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വരെ പിഴയും മൂന്ന് മാസം വരെ തടവുശിക്ഷയുമാണ് നിയമത്തിൽ നിശ്ചയിച്ചിരിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. വ്യാപാരികൾ ഇത്തരം ഗുണനിലവാരം കുറഞ്ഞതും കൃത്രിമ നിറങ്ങൾ ചേർത്തതുമായ ഭക്ഷ്യവസ്തുക്കളുടെ വിപണനത്തിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കണം. ഉപഭോക്താക്കൾ മേൽപ്പറഞ്ഞ ഭക്ഷ്യ ഉൽപന്നങ്ങൾ വാങ്ങുമ്പോൾ അവയിൽ അമിതമായി നിറങ്ങൾ ചേർത്തിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ചിപ്ലിന് സാധാരണ ഗതിയിൽ അമിതമായ മഞ്ഞനിറം കാണുകയാണെങ്കിൽ അതിൽ കൃത്രിമ നിറങ്ങൾ ചേർത്തിരിക്കാൻ സാധ്യതയുണ്ട്. ഇത്തരം മഞ്ഞനിറമുള്ള ചിപ്സുകളും മറ്റും വാങ്ങുന്നത് ഉപഭോക്താക്കൾ പൂർണ്ണമായും ഒഴിവാക്കണം. ചിപ്സ് വാങ്ങുമ്പോൾ അതിൽ കൃത്രിമ നിറങ്ങൾ ചേർത്തിട്ടുണ്ടോ എന്ന് വ്യാപാരികളോട് ചോദിച്ചറിയുന്നത് ഉപഭോക്താക്കൾ ഒരു ശീലമാക്കി മാറ്റണം. കൃത്രിമ നിറങ്ങൾ ചേർക്കാത്ത ചിപ്സുകൾ വാങ്ങാത്തതിനാൽ കൃത്രിമ കളർ ചേർക്കുന്നു എന്നതാണ് വ്യാപാരികളുടെ പരാതി. ഉപഭോക്താക്കൾ കൃത്രിമ നിറങ്ങളില്ലാത്ത ചിപ്സുകൾ ആവശ്യപ്പെടുമ്പോൾ കൃത്രിമ കളർ ചേർക്കുന്ന വ്യാപാരികളുടെ ശീലം മാറ്റുവാൻ സാധിക്കും. സ്വാഭാവിക നിറങ്ങൾ ചേർക്കുന്നത് അനുവദനീയമണ്.കഴിഞ്ഞ ആഴ്ചത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ 59 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. രണ്ട് ചൈൽഡ് ഹോം, ഒരു വൃദ്ധ സദനം എന്നിവിടങ്ങളിലും പരിശോധന നടത്തി. നാല് സ്ഥാപനങ്ങൾക്ക് കോംപൗണ്ടിംന് നോട്ടീസ് നൽകി. എട്ട് സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും അഞ്ച് സർവേയലൻസ് സാമ്പിളുകളും ശേഖരിച്ചു. എട്ട് സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസും 3 സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും ഒരു അഡ്ജ്യൂഡിക്കേഷൻ ശുപാർശയും നൽകി.
ചിപ്‌സിലും ശർക്കര വരട്ടിയിലും മായം ചേർത്താൽ മൂന്ന് ലക്ഷം പിഴയും തടവ് ശിക്ഷയും






