Timely news thodupuzha

ആ അപകടം ഉഷ ടീച്ചറെ ഗ്രന്ഥകാരിയാക്കി

തൊടുപുഴ: സെൻസസ് ജോലിക്കിടെയുണ്ടായ ഒരു അപകടം പൂമാല ഗവ. ട്രൈബൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക സി എസ് ഉഷാകുമാരിക്ക്‌ പുസ്തക രചനയിലേക്കുള്ള കാൽവയ്പായി . ലിഗമെന്റിനും ഇടുപ്പെല്ലിനും പരിക്കേറ്റ് കഠിന വേദനയുടെ നാളുകളിൽ ടീച്ചർ എഴുതിയ സെൻസസ് അനുഭവങ്ങളായ ‘മുറിവുകൾ വരച്ച ആകാശം’ അധ്യാപക ദിനമായ സെപ്തംബർ അഞ്ചിന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പ്രകാശനം ചെയ്യും.പൂമാലയിലെ സെൻസസ് പ്രവർത്തനങ്ങളുടെ അവസാന ഘട്ടത്തിലായിരുന്നു അപകടം റോഡിന്റെ അരികിൽ സ്കൂട്ടർ ഒതുക്കി നിർത്തിയപ്പോൾ മണ്ണിൽ താഴ്ന്ന സ്റ്റാൻഡ് ഒറ്റയടിക്ക് വഴുതി . എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകും മുമ്പേ ഉഷാകുമാരി ഇടതുവശത്തേക്ക് തെറിച്ച് റോഡിൽ മലർന്നുവീണു. ദേഹത്തേക്ക് സ്കൂട്ടറും. അനങ്ങാൻ പോലും കഴിഞ്ഞില്ല.കിടന്നുകിടപ്പിൽ അകലെ നിന്നെത്തിയ ഒരു ബൈക്ക് യാത്രക്കാരൻ പയ്യനെ വിളിച്ചു. അവൻ ഓടിയെത്തി പിടിച്ചെഴുന്നേൽപ്പിച്ചു. തല കറങ്ങുന്നുണ്ടായിരുന്നു. സമീപത്തുള്ളവർ ഓടിയെത്തി. ആരോ വെള്ളം കൊണ്ടുവന്നു. ആരൊക്കെയോ ആശ്വസിപ്പിച്ചു.സ്കൂട്ടർ അവിടെ ഉപേക്ഷിച്ച് പോകാൻ മനസ്സ് വന്നില്ല. വേദന കടിച്ചമർത്തി പതുക്കെ കാൽ മുന്നോട്ടു നീട്ടി വണ്ടിയോടിച്ച് ആശുപത്രിയിലെത്തി.പരിശോധനയിൽ കാൽ കുഴയുടെ ലിഗമെന്റ് വലിഞ്ഞതും ഇടുപ്പെല്ലിന് പൊട്ടലും കണ്ടെത്തി. മൂന്നാഴ്ചത്തെ പൂർണ ബെഡ് റെസ്റ്റായിരുന്നു. പൂമാലയുടെ വഴികളും മഴയും കാഴ്ചകളും ഫോട്ടോകളായും വീഡിയോകളായും സ്റ്റാറ്റസുകളിൽ പങ്കുവെച്ചപ്പോൾ അതൊക്കെ എഴുതാൻ സുഹൃത്തുക്കൾ നിർബന്ധിച്ചത് ഓർമ വന്നു. രാത്രിയും പകലും ഉറങ്ങാൻ കഴിയാതെ, ഒന്ന് തിരിഞ്ഞു കിടക്കാൻ പോലും കഴിയാതെ, ശാരീര വേദനയും മനസ്സിന്റെ ഏകാന്തതയും മാത്രം കൂട്ടായിരുന്ന ദിവസങ്ങളിൽ എഴുതിത്തുടങ്ങി. ട്രോമയിൽ നിന്ന് തന്നെ കരകയറ്റാൻ തനിക്ക് മാത്രമേ കഴിയൂ എന്ന തിരിച്ചറിവ് എഴുത്തിന്റെ ലോകത്തേക്ക് മെല്ലെ കൈപിടിച്ചു. കിടപ്പുമുറിയിലെ ഏകാന്തത ഭേദിച്ച് ഓർമ്മകൾ സഞ്ചരിച്ചു.ഓരോ വീടും ഓരോ ജീവിതവും മനസ്സിൽ തെളിഞ്ഞുതുടങ്ങി. മഴയും മഞ്ഞും മലവഴികളും ആദിവാസി ഊരുകളും നിഷ്കളങ്കരായ മനുഷ്യരും എല്ലാം കഥാപാത്രങ്ങളായി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ അഭിനന്ദന പ്രവാഹം. ഒടുവിൽ പുസ്തകമാക്കാൻ തീരുമാനിക്കുകയായിരുന്നു. ‘പഗോഡ ബുക്ക് ആർട്’ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന് ജോസ് കോനാട്ടിന്റെ മനോഹരമായ അവതാരികയുമുണ്ട്. പുസ്തകത്തിന്റെ കവർ പ്രകാശനം ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഓഫീസ് അങ്കണത്തിൽ നടന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി സി ഗീത കവർ പ്രകാശന കർമ്മം നിർവഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ആർ സാംബൻ പുസ്തകപരിചയം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി. വി. ഷാജി, പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ടി. എൻ. മണിലാൽ, DIET പ്രിൻസിപ്പൽ ഡോ. കവിത തങ്കപ്പൻ, KSTA സബ്ജില്ലാ സെക്രട്ടറി ഷെമി രാജ് എന്നിവർ ആശംസകൾ നേർന്നു.ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *