അരിക്കുഴ: പ്രതികൂല കാലാവസ്ഥയിലും ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ കൃഷിത്തോട്ടം അരിക്കുഴ. ഓണക്കാലം പ്രതീക്ഷിച്ച് കൃഷി ചെയ്തിരുന്ന വിവിധ പച്ചക്കറികളുടെയും പൂക്കളുടെയും വിളവെടുപ്പ് ഉദ്ഘാടനം മണക്കാട് ഗ്രാമപഞ്ചായത്തംഗം നോജ് പി ജോസ് നിർവഹിച്ചു.

വിഷരഹിതമായ പച്ചക്കറികളും ഓണക്കാലത്താവശ്യമായ പൂക്കളും ഫാമിൽ തന്നെ ഉത്പാദിപ്പിച്ച് ന്യായവിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 24 ന് ഫാമിൻ്റെ സെയിൽസ് കൗണ്ടറിൽ നടത്തപ്പെടുന്ന ഓണച്ചന്തയിൽ ഇവയുടെ വിപണനവും ഉണ്ടായിരിക്കും.

വിവിധ പച്ചക്കറികൾ, ചെണ്ടുമല്ലി പൂക്കൾ, നാടൻ തേങ്ങ എന്നിവയോടൊപ്പം ആട്ടിയ വെളിച്ചെണ്ണ, മഞ്ഞൾ പൊടി, കുരുമുളക് പൊടി, കുടമ്പുളി മുതലായ മൂല്യവർദ്ധിത ഉത്പന്നങ്ങളും ഓണച്ചന്തയിൽ പൊതുജനങ്ങൾക്ക് ലഭ്യമാകും.






