പാല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ വിധി പറയാനിരിക്കെ രണ്ടാം പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലാ കുറിഞ്ഞി കോഡൂർ വീട്ടിൽ തങ്കച്ചനെയാണ് (60) കുറിഞ്ഞിയിലുള്ള സ്വന്തം വീടിനോട് ചേർന്നുള്ള ഷെഡിൽ ശനിയാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തെക്കുറിച്ച് രാമപുരം പോലീസ് പറയുന്നതിങ്ങനെ: വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയ തങ്കച്ചൻ പിന്നീട് പുറത്തേക്ക് പോയിരുന്നു. രാവിലെയാണ് മൃതദേഹം കണ്ടത്. കേസിൽ പെട്ടതിനാലാണ് ജീവനൊടുക്കുന്നതെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. മൃതദേഹം പാലാ ഗവ. ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വിചാരണ പൂർത്തിയായ ഈ കേസിൽ ആഗസ്റ്റ് 31-നാണ് തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് പോക്സോ കോടതി വിധി പറയാൻ നിശ്ചയിച്ചിരിക്കുന്നത്. മുൻപ് ജൂലൈ 27-ന് വിധി പറയാൻ വച്ചിരുന്നെങ്കിലും തങ്കച്ചൻ ഹാജരാകാതിരുന്നതിനെ തുടർന്ന് ഓഗസ്റ്റ് 31-ലേക്ക് മാറ്റുകയായിരുന്നു. തുടർച്ചയായി മൂന്ന് തവണ ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.ജോലി വാഗ്ദാനം ചെയ്ത് 2017 മുതൽ 2022 വരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംഘം ചേർന്ന് വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച പെൺകുട്ടി ഗർഭിണിയാണെന്ന് പരിശോധനയിൽ വ്യക്തമായതോടെയാണ് ഈ ക്രൂരത പുറംലോകമറിയുന്നത്.കൂട്ടബലാത്സംഗം ഉൾപ്പെടെ തൊടുപുഴ പോലീസ് രജിസ്റ്റർ ചെയ്ത 28 പോക്‌സോ കേസുകളിലായി പെൺകുട്ടിയുടെ അമ്മ ഉൾപ്പെടെ 25-ഓളം പ്രതികളാണുള്ളത്. കേസുകളിൽ രണ്ടെണ്ണത്തിൽ കുടയത്തൂർ പുളിമൂട്ടിൽ അനസ് ഷംസുദ്ദീൻ (31), തൊടുപുഴ ബംഗ്ലാംകുന്ന് എടനാട് പുരയിടത്തിൽ വിനീഷ വിജയൻ (42) എന്നിവരെ തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് പോക്സോ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ വിധി പറയാനിരിക്കെ രണ്ടാം പ്രതിയെ തൂങ്ങി മരിച്ചു






