ഇടുക്കി: ഇലവീഴാപൂഞ്ചിറയിലേക്കുള്ള വിനോദസഞ്ചാര യാത്രയ്ക്കിടെ വാഹനം തീപിടിച്ച് പൂർണ്ണമായും കത്തിയമർന്നു. യാത്രികരുടെ ജാഗ്രതയും സമയോചിതമായ ഇടപെടലും കാരണം കുന്നംകുളം സ്വദേശികളായ 12 വിനോദസഞ്ചാരികളും ഡ്രൈവറും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 8:10-ഓടെ കാഞ്ഞാർ – ഇലവീഴാപൂഞ്ചിറ റൂട്ടിൽ പഴുത്തേടം വെള്ളച്ചാട്ടത്തിന് സമീപമായിരുന്നു സംഭവം. 17 സീറ്റുള്ള വാഹനത്തിലാണ് കുന്നംകുളത്തുനിന്നുള്ള സംഘം യാത്ര തിരിച്ചത്.

പഴുത്തേടം വെള്ളച്ചാട്ടത്തിന് സമീപം ഫോട്ടോയെടുക്കുന്നതിനായി വാഹനം ഒതുക്കി നിർത്തിയപ്പോഴാണ് ബോണറ്റിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. അപകടസാധ്യത മനസ്സിലാക്കിയ ഡ്രൈവറും യാത്രികരും ഉടൻതന്നെ പുറത്തിറങ്ങി ലഗേജുകൾ മാറ്റാൻ തുടങ്ങി.

എന്നാൽ നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും വാഹനം പൂർണ്ണമായും അഗ്നിക്കിരയാവുകയും ചെയ്തു. യാത്രക്കാരുടെ തക്കസമയത്തെ ഇടപെടൽ മാത്രമാണ് വൻ ദുരന്തം ഒഴിവാക്കിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂലമറ്റം അഗ്നിരക്ഷാ സേനയും കാഞ്ഞാർ പോലീസും ചേർന്നാണ് തീയണച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.





