Timely news thodupuzha

തൊടുപുഴ ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

തൊടുപുഴ: ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗികൾക്ക് ഓണ കിറ്റുകളും ഓണക്കോടികളും വിതരണം ചെയ്തു.

ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ.സി യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തൊടുപുഴ നഗരസഭാ പരിധിയിൽ ഏകദേശം 500-ഓളം പാലിയേറ്റീവ് രോഗികൾ പരിചരണത്തിലുണ്ട്. ഇവർക്ക് കൃത്യമായ ഇടവേളകളിൽ ഗൃഹസന്ദർശനത്തിലൂടെ ഗൃഹകേന്ദ്രീകൃത പാലിയേറ്റീവ് പരിചരണം നൽകി വരുന്നു.

ഓണാഘോഷത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് തൊടുപുഴ 20 പാലിയേറ്റീവ് രോഗികൾക്കായി ഫുഡ് കിറ്റുകൾ നൽകി. റോട്ടറി പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടിൽ, ജോബ് കെ. ജേക്കബ്, അനിത ബെന്നി എന്നിവർ ഫുഡ് കിറ്റുകൾ പാലിയേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. പ്രീതി സി. ജെ യ്ക്ക് കൈമാറി.

അൽ അസർ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ വിദ്യാർത്ഥികളുടെ 75-ാം ബാച്ച് പാലിയേറ്റീവ് കെയർ പരിശീലനം വിജയകരമായി പൂർത്തിയാക്കി. പരിശീലനത്തിന്റെ ഭാഗമായി ഏകദേശം 30 പാലിയേറ്റീവ് രോഗികൾക്ക് ഫുഡ് കിറ്റുകളും ഓണക്കോടികളും വിതരണം ചെയ്തു. കിടപ്പിലായ രോഗികളുടെ വീടുകളിലെത്തി ഗൃഹപരിചരണം നൽകുന്നതിലും പരിശീലനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ പങ്കാളികളായി. ഹൃദയപൂർവ്വം ചാരിറ്റബിൾ ട്രസ്റ്റ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളും മറ്റ് സന്നദ്ധ പ്രവർത്തകരും പരിപാടിയുമായി സഹകരിച്ചു.

അർഹരായ രോഗികളിലേക്ക് സേവനങ്ങളും സഹായങ്ങളും എത്തിക്കുന്നതിന് ജില്ലാ ട്രെയിനിങ് സെന്റർ കോഡിനേറ്റർ മഞ്ജു പീറ്റർ, പാലിയേറ്റീവ് നഴ്സുമാരായ സീമോൾ ഐസക്, ആൻസി ബേബി, ജോസ്മി ലൂക്കോസ്, നിബി ജോസ് എന്നിവർ നേതൃത്വം നൽകി. ഡോ. ടാജി കെ തോമസ്, സ്റ്റാഫ് സെക്രട്ടറി ശ്രീജ എന്നിവരും മറ്റ് ആശുപത്രി ജീവനക്കാരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

പാലിയേറ്റീവ് രോഗികൾക്ക് ചികിത്സയ്ക്കൊപ്പം സാമൂഹിക പിന്തുണയും മാനസിക സന്തോഷവും ഉറപ്പാക്കുന്നതിനുള്ള ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ പാലിയേറ്റീവ് പരിചരണത്തിന്റെ സമഗ്ര സമീപനത്തിന് കൂടുതൽ ശക്തി പകരുന്നു.

Leave a Comment

Your email address will not be published. Required fields are marked *