ഇടുക്കി: ധീരജ് വധക്കേസില് പ്രതികളായവരെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്ഗ്രസ്സ് പരസ്യമായി സ്വീകരിച്ചു വന്നിട്ടുള്ളത്. കെപിസിസി പ്രസിഡന്റ് തന്നെ പ്രതികളെ പരസ്യമായി ന്യായീകരിച്ചതും ഒന്നാം പ്രതിയെ ഡിസിസി മെമ്പറാക്കിയതും ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇപ്പോള് വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിനുള്ള ശ്രമമാണ് കോണ്ഗ്രസ്സ് നേതൃത്വം നടത്തുന്നത്. കേസ് വിചാരണയ്ക്ക് എടുക്കാതിരിക്കാന് 7 ഉം 8 ഉം പ്രതികള് തങ്ങളെ പ്രതിസ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്ജി ജില്ലാ കോടതി നിരുപാധികം തള്ളി. തുടര്ന്ന് പ്രതികള് ഹൈക്കോടതിയില് ഹര്ജി സമര്പ്പിച്ചെങ്കിലും കേസിന്റെ വസ്തുതകള് പരിശോധിച്ച ഹൈക്കോടതി ഇവര് നല്കിയ ഹര്ജി തള്ളുകയും വിചാരണ നടപടികള് തുടരാന് വിചാരണ കോടതിയോട് നിര്ദ്ദേശിക്കുകയും ചെയ്തു.
വിചാരണ ആരംഭിച്ചപ്പോള് പ്രതികള് ഹാജരാകാതെയും വീണ്ടും വക്കീലിനെ മാറ്റുന്നതിനുള്ള അപേക്ഷ നല്കിയും കേസ് നീട്ടിക്കൊണ്ടു പോകുന്നതിന് കോണ്ഗ്രസ് ബോധപൂര്വ്വം ശ്രമിക്കുകയാണ്. കോടതിയില് ഹാജരാകാതിരുന്നതിനെ തുടര്ന്ന് ജാമ്യം നിഷേധിക്കപ്പെട്ട പ്രതികളെ പൊതു പരിപാടിയില് പങ്കെടുപ്പിച്ചുകൊണ്ട് കോണ്ഗ്രസ്സ് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. കൊല്ലപ്പെട്ട ധീരജിനും കുടുംബത്തിനും നിയമവ്യവസ്ഥിതി നീതി നല്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന് കോണ്ഗ്രസ്സ് ശ്രമിച്ചാല് ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും സിപിഐ എം ഇടുക്കി ഏരിയാ കമ്മറ്റി വാര്ത്താ സമ്മേളനത്തില് വ്യക്തമാക്കി.
സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്റ്റ്യന്, ഏരിയ സെക്രട്ടറി പി.ബി. സബീഷ്, ജില്ലാ കമ്മറ്റിയംഗങ്ങളായ കെ.ജി. സത്യന്, ലിസ്സി ജോസ് എന്നിവര് വാര്ത്താ സമ്മേളനത്തില് പങ്കെടുത്തു.






