Timely news thodupuzha

ശുദ്ധജല വിതരണ പദ്ധതി പാതി വഴിയിൽ ഉപേക്ഷിച്ചു, 6 ലക്ഷത്തോളം രൂപ പാഴായി

ഉടുമ്പന്നൂർ: ടൗണിൽ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സിൽ ശുദ്ധജലമെത്തിക്കുന്നതിനായി കഴിഞ്ഞ LDF ഭരണസമിതിയുടെ കാലത്ത് ആരംഭിച്ച പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ച നിലയിൽ. സർക്കാർ ഹോമിയോ ഡിസ്‌പൻസറിയും ഒരു നൃത്തവിദ്യാലയവും ലയൺസ് ക്ലബ്ബും ഒരു പബ്ലിക് ലൈബ്രറിയുമുൾപ്പടെ 12 സ്ഥാപനങ്ങളും ഒരു പബ്ലിക് ടൊയ്ലറ്റ് കോംപ്ലക്സുമാണ് ഇവിടെ ഉള്ളത്. ഇവിടെയ്ക് ആവശ്യമായ വെള്ളം ലഭ്യമാക്കുവാൻ ഒരു സ്ഥിരം സംവിധാനം ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ഭരണസമിതി മൈനർ ഇറിഗേഷൻ വകുപ്പിൻ്റെ പ്രത്യേകാനുമതി ലഭ്യമാക്കി ഉടുമ്പന്നൂർ തോടിൻ്റെ പുറമ്പോക്കിൽ ഒരു വലിയ കിണർ നിർമ്മിച്ച് മോട്ടോർ സ്ഥാപിച്ച് വെളളം ലഭ്യമാക്കാൻ പദ്ധതി തയ്യാറാക്കിയത്.563674 രൂപ മാറ്റി വയ്ക്കുകയും കിണറിൻ്റെ നിർമ്മാണ ജോലി പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ പിന്നീട് വന്ന UDF നേതൃത്വത്തിലുള്ള ഭരണസമിതി പമ്പിംഗ് മോട്ടോറും പൈപ്പ് ലൈനും സ്ഥാപിക്കാൻ തയ്യാറാകാതെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോൾ ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കിണറിൽ നിന്നും വാടക നൽകിയാണ് ഷോപ്പിംഗ് കോംപ്ലക്സിലേയ്‌ക്ക് വെള്ളം എടുക്കുന്നത്. വാർഡ് മെമ്പറുടെ അടുപ്പക്കാരനായ ഈ വ്യക്തിയെ സഹായിക്കുന്നതിന് വേണ്ടിയാണ് പഞ്ചായത്തിൻ്റെ പദ്ധതി ഉപേക്ഷിച്ചത് എന്ന് ആക്ഷേപമുണ്ട്. ഇതുമൂലം കിണർ നിർമ്മിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് ചെലവഴിച്ച തുക നഷ്ടമാകുന്നതോടൊപ്പം വാടക ഇനത്തിൽ നൽകുന്ന തുക അധിക ബാധ്യതയുമാകും.ഉപേക്ഷിക്കപ്പെട്ട ഈ പദ്ധതി പുനരാരംഭിച്ച് എത്രയും വേഗം ഷോപ്പിംഗ് കോംപ്ലക്സിലും പബ്ലിക് ടൊയ്ലറ്റ് ഉൾപ്പടെയുള്ള ഇടങ്ങളിലും ശുദ്ധജലം എത്തിക്കുവാൻ ഗ്രാമപഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സി. പി. ഐ (എം ) ഉടുമ്പന്നൂർ നോർത്ത് ലോക്കൽ സെക്രട്ടറി പി.പി പ്രസാദ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *