കേരളത്തിലെ പ്രതിപക്ഷ നേതാക്കന്മാരായിരുന്നവരുടെ പാരമ്പര്യമൊന്നും ഇല്ലെന്ന് മന്ത്രി പറഞ്ഞത് സത്യമാണ്. പി.ടി ചാക്കോ മുതല്‍ രമേശ് ചെന്നിത്തല വരെയുള്ളവരുടെ ശ്രേണിയില്‍പ്പെട്ട ഒരാളല്ല ഞാന്‍. അവരെല്ലാമിരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന അഭിമാനമുണ്ട്. അവരൊന്നും പ്രവര്‍ത്തിച്ച രീതിയിലല്ല ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ബിജെപിയുമായുള്ള അന്തര്‍ധാരയെ കുറിച്ച് മന്ത്രി മുഖ്യമന്ത്രിയോടു ചോദിച്ചാല്‍ മതി. ഗോപാലന്‍കുട്ടിയെയും വത്സന് തില്ലങ്കേരിയെയും കാണാന്‍ കാർ മാറിക്കയറി പോയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പാചകവാതക വിലക്കയറ്റത്തിനെതിരേയും മോദിയുടെ കേരളം പിടിക്കുമെന്ന പ്രസ്താവനയ്ക്കെതിരേയും ഒന്നും പറഞ്ഞില്ലെന്നതാണ് മറ്റൊരു ആരോപണം.
മന്ത്രി വല്ലപ്പോഴുമൊക്കെ പത്രം വായിക്കുന്നത് നല്ലതാണ്. ലാവലിന്‍ കേസിലും സ്വര്‍ണക്കടത്ത്, ലൈഫ് മിഷന് കോഴ കേസുകളിലും ബിജെപിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയത് ആരാണെന്ന് എല്ലാവര്ക്കും അറിയാം. ഇതിനൊക്കെ പകരമായാണ് ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുള്ള കൊടകര കുഴല്‍പ്പണ കേസ് ഒത്തുതീര്‍പ്പാക്കിയത്. സ്വപ്ന സുരേഷ് വന്ന് കുടുംബാംഗങ്ങളെ മുഴുവന്‍ ആക്ഷേപിച്ചിട്ടും ഒരു നോട്ടീസ് പോലും അയ്ക്കാത്ത ആളിന്റെ നട്ടെല്ലാണോ വാഴപ്പിണ്ടിയും വാഴനാരുമെന്നാണ് ആലോചിക്കേണ്ടത്.
ഞാന്‍ ജയിലില്‍ കിടന്നില്ലെന്നൊക്കെയാണ് പറയുന്നത്. എംഎല്‍എയായി കാല് നൂറ്റാണ്ടോളം ആകുകയാണെങ്കിലും അദ്ദേഹത്തിന്റെ അത്രയും ഭാഗ്യം എനിക്കില്ല. ആദ്യം എംഎല്‍എ ആയപ്പോള്‍ തന്നെ മന്ത്രിയാകാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. പരിണതപ്രജ്ഞരായ ആളുകള്‍ നിരവധിയുള്ളപ്പോള്‍ പെട്ടന്ന് മന്ത്രിയാകാനുള്ള ഭാഗ്യം കിട്ടിയതിന്റെ പരിഭ്രമം കൊണ്ടാകാം അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നതെന്ന് സതീശൻ പരിഹസിച്ചു.