പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ട് പ്രവർത്തിക്കേണ്ട ഗതികേട് ഈ സർക്കാരിലെ മന്ത്രിമാർക്ക് ഇല്ല. വികസനകാര്യങ്ങളിൽ അഭിപ്രായനിർദേശങ്ങളുണ്ടായാൽ അതു പരിശോധിക്കാം. ബിജെപിക്കെതിരേ ഫോട്ടോഷൂട്ട് സമരങ്ങൾ നടത്തി എന്ന ആരോപണത്തിന് മറുപടിയായി പത്രത്തിൽ വന്ന ഫോട്ടോയുമായാണ് അദ്ദേഹം എത്തിയത്. ഫോട്ടോഷൂട്ട് സമരമാണ് കോൺഗ്രസ് നടത്തുന്നതെന്നതിന് ഇതിലും വലിയ തെളിവിൻറെ ആവശ്യമില്ല. തുടർച്ചയായ ഒരു പ്രക്ഷോഭവും നടത്താതെ സമര പാരമ്പര്യം തെളിയിക്കാൻ ഇങ്ങനെ പത്ര കട്ടിങ്ങുകളും ആയി വരേണ്ട ഗതികേടിലേക്ക് കേരളത്തിലെ പ്രതിപക്ഷ നേതാവ് അധഃപതിച്ചിരിക്കുകയാണ്. ഇതിലും നല്ലത് 2006ൽ സ്വന്തം മണ്ഡലത്തിൽ ഗോൾവാൾക്കറിൻറെ ഫോട്ടോയ്ക്കുമുന്നിൽ അദ്ദേഹം നിലവിളക്ക് കൊളുത്തുന്ന ചിത്രവുമായി വരുന്നതായിരുന്നു.
തികഞ്ഞ താൻ പ്രമാണിത്തമാണ് പ്രതിപക്ഷ നേതാവിന്. അതു സ്വന്തം പാർട്ടിയിൽ ചെലവാകാത്തതിന് മന്ത്രിമാർക്ക് നേരെ തിരിഞ്ഞിട്ട് കാര്യമില്ല. മന്ത്രിമാരെ വ്യക്തിപരമായി ആക്ഷേപിക്കുന്ന രീതി അദ്ദേഹം തുടരുകയാണ്. രാഷ്ട്രീയമായി പറയേണ്ടത് രാഷ്ട്രീയമായി പറയണം. കഴിഞ്ഞ നിയമസഭാ തെെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ വീടുകളിൽ കയറി ഇവർ ഇതിലും വലിയ വ്യക്തി ആരോപണങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയ പ്രബുദ്ധരാണ്. വ്യക്തിപരമായ ആക്ഷേപങ്ങളെ ജനം തിരിച്ചറിയും. അതുകൊണ്ട് വ്യക്ത്യധിക്ഷേപങ്ങൾ അവസാനിപ്പിക്കുകയാണ് പ്രതിപക്ഷനേതാവിന് നല്ലത്.
സൈബർ ലോകത്ത് മാത്രം കാണുന്ന ചില ജീവികൾ നിലവാരം കുറഞ്ഞ ആരോപണങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് അത് ഏറ്റുപിടിക്കുകയാണ്. ഈ ഭാരിച്ച ഉത്തരവാദിത്തങ്ങൾ ക്കിടയിലും സൈബർ ലോകത്ത് ഇടപെടാൻ സമയം കണ്ടെത്തുന്നു എന്നതിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. പിന്നെ, പ്രതിപക്ഷ നേതാവ് ഭാഗ്യത്തെക്കുറിച്ച് പറയുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള സംഘം കെപിസിസി ഓഫീസിൽ എത്തിയിരുന്നു. ആകെ നാലുപേർ മാത്രമാണ് വി ഡി സതീശൻറെ പേര് പറഞ്ഞത്. എന്നിട്ടും അദ്ദേഹം പ്രതിപക്ഷ നേതാവായി. ആ ഭാഗ്യത്തിൻറെ പേരിലാണോ ഇത്തരം താൻപ്രമാണിത്തം അദ്ദേഹം തുടരുന്നത് എന്ന് സംശയിക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.