സൂറത്ത്: ഗുജറാത്ത് സൂറത്തിലെ പവർ സ്റ്റേഷന്‍റെ ഭാഗമായുള്ള കൂളിങ് ടവർ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു. മുപ്പതു വർഷം പഴക്കമുള്ള ടവറിന് 85 മീറ്റർ ഉയരമുണ്ടായിരുന്നു. കാലപ്പഴക്കം കൊണ്ടും സാങ്കേതികമായ കാരണങ്ങളാലുമാണു ടവർ തകർക്കാൻ തീരുമാനമെടുത്തത്. രാവിലെ 11നു നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത ടവർ ഏഴു സെക്കൻഡുകൾ കൊണ്ടു പൂർണമായും നിലംപതിച്ചു.
ഗുജറാത്ത് സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി കോർപറേഷന്‍റെ ഉടമസ്ഥതയിലുള്ള ടവർ 1993-ലാണു നിർമിച്ചത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി തകർക്കുന്നതിനു മുമ്പായി പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. തപി നദിയുടെ കരയിലാണു കൂളിങ് ടവർ സ്ഥിതി ചെയ്തിരുന്നത്. ഏകദേശം 220 കിലോഗ്രാം സ്ഫോടകവസ്തുക്കളാണു ടവർ തകർക്കാനായി ഉപയോഗിച്ചത്. 135 മെഗാവാട്ട് പ്ലാന്‍റിന്‍റെ ഭാഗമായുള്ള കൂളിങ് ടവർ കാലപ്പഴക്കം കൊണ്ടു തന്നെ പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.