Timely news thodupuzha

logo

അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി; നാലാം ദിവസമായിട്ടും പിടികൂടാനാവാതെ പഞ്ചാബ് പൊലീസ്

അമൃത്സർ: ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെ പിടികൂടാനുള്ള ശ്രമങ്ങൾ പഞ്ചാബ് പൊലീസ് നാലാം ദിവസവും തുടരുന്നു. വാരിസ് പഞ്ചാബ് ദേ സംഘടനയുടെ തലവനായ അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകൾ ഉള്ളതിന്‍റെ പശ്ചാത്തലത്തിലാണു ദേശീയ സുരക്ഷാ നിയമം ചുമത്തിയത്. നേരത്തെ അമൃത്പാൽ സിങ് ഐഎസ്ഐയുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.

മാർച്ച് പതിനെട്ടിനാണു അമൃത്പാലിനെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. അദ്ദേഹത്തിന്‍റെ അടുത്ത അനുയായികളും ബന്ധുക്കളുമായ 114-ഓളം പേരെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചിരുന്നു. ഇതുവരെ ആറ് എഫ്ഐആറുകൾ അമൃത്പാലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പഞ്ചാബ് ഇൻസ്പെക്റ്റർ ജനറൽ ഓഫ് പൊലീസ് സുഖ്ചയ്ൻ സിങ് ഗിൽ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന ഇന്‍റർനെറ്റ് നിരോധനത്തിനു നേരിയ അയവ് വരുത്തി. ഫിറോസ്പൂർ, മോഗ, അമൃത്സർ, മൊഹാലി തുടങ്ങിയയിടങ്ങളിൽ നിരോധനം തുടരും. ബാക്കിയുള്ള സ്ഥലങ്ങളിൽ നിരോധനം പിൻവലിച്ചതായി അധികൃതർ അറിയിച്ചു. അമൃത്പാൽ രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *