Timely news thodupuzha

കനത്ത മഴയിലും മതമൈത്രിയുടെ രാജാക്കാട് പൂരത്തിന് പതിനായിരങ്ങൾ

രാജാക്കാട്: ശ്രീമഹാദേവർ ക്ഷേത്രത്തിലെ തിരു:ഉത്സവത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെ നടന്ന രാജാക്കാട് പൂരത്തിന് പതിനായിരങ്ങൾ പങ്കെടുത്തു.വൈകിട്ട് നാലിന് ആരംഭിച്ച കനത്ത മഴയ്ക്ക് താലപ്പൊലി ഘോഷയാത്രയുടെ ശോഭ കെടുത്താനായില്ല.എൻ.ആർ സിറ്റിയിൽ നിന്നും ഭഗവാന്റെ തിടമ്പേറ്റി മംഗലാംകുന്ന് അയ്യപ്പൻ,അകമ്പടി സേവിച്ച് വേണാട് ആദി കേശവൻ,അമ്പാടി മാധവൻകുട്ടി എന്നീ ഗജവീരന്മാരുടെ അകമ്പടിയോടെ എസ് എൻ ഡി പി യൂണിയൻ,ശാഖ ഭാരവാഹികളുടേയും നേതൃത്വത്തിൽ മഴ മുഴുവൻ നനഞ്ഞ് നടത്തിയ താലപ്പൊലി ഘോഷയാത്രയ്ക്ക് രാജാക്കാട് മതസൗഹാർദ്ദ കൂട്ടായ്മയുടെ നേതൃത്വത്തിൽ രാജാക്കാട് ടൗണിൽ വച്ച് സ്വീകരണം നൽകി.

ക്രിസ്തീയ കലാരൂപമായ മാർഗ്ഗംകളിയും, പരിചമുട്ടുകളിയും മറ്റു കലാരൂപങ്ങളും അവതരിപ്പിച്ച് ഘോഷയാത്രയുടെ കൂടെ അണിനിരന്നത് വേറിട്ട കാഴ്ചയായി. ക്രിസ്തുജ്യോതി സ്കൂൾ ടീമിന്റെ ബാന്റ് ഡിസ്പ്ലേയും സ്വീകരണ സംഘം ഒരുക്കിയിരുന്നു.മതസൗഹാർദ്ദ കൂട്ടായ്മ കൺവീനർ ഫാ.ജോബി വാഴയിൽ,ഫാ.ബേസിൽ പുതുശ്ശേരിൽ, ഇമാം ഇബ്രാഹിം മൻസൂർ തങ്ങൾ,പി.ബി മുരളിധരൻനായർ,സജിമോൻ ജോസഫ്,ഫാ.പ്രിൻസ് പുളിയാങ്കൽ,ഫാ. എൽദോസ് പുൽപ്പറമ്പിൽ,ജമാൽ ഇടശ്ശേരിക്കുടി,സിജോ കൊച്ചുമുട്ടം, എം.ആർ അനിൽകുമാർ,അബ്ദുൾ കലാം,ജോഷി കന്യാക്കുഴി,വി.വി ബാബു എന്നിവർ എസ്.എൻ.ഡി.പി നേതാക്കളും ക്ഷേത്രം ഭാരവാഹികളുമായ എം ബി ശ്രീകുമാർ,കെ.ഡി രമേശ്,കെ.എസ് ലതീഷ്കുമാർ,സാബു വാവലക്കാട്ട്,കെ.പി സജീവ്,വി.എസ് ബിജു,ഡി.രാധാകൃഷ്ണൻ തമ്പി,ഐബി പ്രഭാകരൻ എന്നിവർക്ക് സ്വീകരണം നൽകിയ ശേഷം കനത്ത മഴയിലും ഘോഷയാത്രയുടെ കൂടെ ക്ഷേത്രം വരെ അണിചേർന്നു.

ക്ഷേത്രത്തിൽ ഘോഷയാത്ര സമാപിച്ചതിനെ തുടർന്ന് ആനപ്പന്തിയിൽ വച്ച് മേളപ്രമാണി ഡോ. തിരുവല്ല രാധാകൃഷ്ണന്റെ നേതൃത്വത്തിൽ 105 മേളക്കാരുടെ രാജാക്കാട് പൂരവും കുടമാറ്റവും നടത്തി.രാത്രി 11 ന് നടന്ന പള്ളിവേട്ടയിൽ നിരവധി ഭക്തർ പങ്കെടുത്തു.പള്ളിവേട്ട ഘോഷയാത്ര ടൗൺ ചുറ്റി ക്ഷേത്രത്തിലെത്താൻ ഒരു മണിക്കൂർ സമയമെടുത്തു.ഉത്സവം തുടങ്ങിയത് മുതൽ ക്ഷേത്രത്തിലെ അന്നദാനപ്പുരയിലെത്തി ഉച്ചയ്ക്കും,വൈകിട്ടുമായി നാനാജാതി മതസ്ഥരായ പതിനായിരങ്ങൾ ആണ് അന്നദാന ചടങ്ങിൽ പങ്കെടുത്തത് ഉത്സവത്തിന്റെ നാലാം ദിനത്തിൽ മതസൗഹാർദ്ദ കൂട്ടായ്മ ഭാരവാഹികൾ എല്ലാവരും ഉത്സവ സദ്യയിൽ പങ്കെടുത്തു.

സമാപന ദിവസമായ ഇന്നലെ ആറാട്ട് പൂജ,ഭഗവാന്റെ തിരുആറാട്ട്, മഹാകാണിക്ക, വലിയഗുരുസി തർപ്പണം എന്നീ ക്ഷേത്ര ചടങ്ങുകൾ നടത്തി മംഗളപൂജയ്ക്ക് ശേഷം ഉത്സവത്തിന് കൊടിയിറക്ക് നടത്തി.

Leave a Comment

Your email address will not be published. Required fields are marked *