Timely news thodupuzha

logo

സ്മാര്‍ട്ടാവാനൊരുങ്ങി വാത്തിക്കുടി, വണ്ണപ്പുറം, ആലക്കോട് വില്ലേജ് ഓഫിസുകള്‍; റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും

ഇടുക്കി: ജില്ലയിലെ മൂന്ന് വില്ലേജ് ഓഫിസുകള്‍ കൂടി ഇനി സ്മാര്‍ട്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങളും ഡിജിറ്റലൈസേഷനും പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമായ വാത്തിക്കുടി, വണ്ണപ്പുറം, ആലക്കോട് വില്ലേജ് ഓഫിസുകള്‍ വ്യാഴാഴ്ച റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ജില്ലയിലെ 19 വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ടായി മാറും. സര്‍ക്കാര്‍ ഓഫിസുകള്‍ കൂടുതല്‍ ജനോപകാരപ്രദവും ആകര്‍ഷകവുമാക്കുകയും കാലോചിതമായി പരിഷ്‌കരിക്കുകയും ചെയ്യുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ടാക്കുന്നത്.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവിട്ടാണ് ഓരോ വില്ലേജ് ഓഫിസും നിര്‍മിച്ചിരിക്കുന്നത്. വണ്ണപ്പുറം വില്ലേജ് ഓഫീസിന് 1254 ചതുരശ്ര അടിയും ആലക്കോട് വില്ലേജ് ഓഫിസിന് 1100 ചതുരശ്ര അടിയും വാത്തിക്കുടി വില്ലേജ് ഓഫിസിന് 1234 ചതുരശ്ര അടിയും വലുപ്പമുണ്ട്.

കേരള സംസ്ഥാന നിര്‍മിത കേന്ദ്രത്തിനായിരുന്നു നിര്‍മാണച്ചുമതല. ഫ്രണ്ട് ഓഫിസ്, റെക്കോഡ് റൂം, വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ് മുറി, ഡൈനിംഗ് റും, ശുചിമുറി, കാത്തിരിപ്പ് കേന്ദ്രം, സംരക്ഷണ ഭിത്തി എന്നിവയടക്കം ആധുനിക നിലവാരത്തിലാണ് വില്ലേജ് ഓഫിസുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഭിന്നശേഷി സൗഹാര്‍ദമായാണ് ഓഫിസുകളുടെ രൂപകല്‍പ്പന.

ഈ വര്‍ഷം നവംബര്‍ 1 ന് മുന്‍പ് സംസ്ഥാനത്തെ 1666 വില്ലേജ് ഓഫിസുകളും, 77 താലൂക്ക് ഓഫിസുകളും, 27 ആര്‍ ഡി ഓഫിസുകളും 14 കളക്ടറേറ്റുകളും, ലാന്‍ഡ് റവന്യു കമ്മിഷണറേറ്റും സംസ്ഥാന സെക്രട്ടേറിയേറ്റ് റവന്യു വിഭാഗവും അടക്കം റവന്യു വകുപ്പില്‍ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ നടപ്പാക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം.


വില്ലേജ് ഓഫീസുകളുടെ മുഖച്ഛായ തന്നെ മാറ്റുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫിസ് പദ്ധതിയിലൂടെ റവന്യു വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകും. സേവനങ്ങള്‍ വേഗത്തിലും സുതാര്യമായും ലഭിക്കും.

വാത്തിക്കുടി വില്ലേജ് ഓഫിസ് വ്യാഴാഴ്ച ഉച്ചക്ക് 2.30 നും വണ്ണപ്പുറം, ആലക്കോട് വില്ലേജ് ഓഫിസുകള്‍ വൈകിട്ട് 4.30 നും മന്ത്രി ഉദ്ഘാടനം ചെയ്യും. ആലക്കോട് വില്ലേജ് ഓഫിസ് ഉദ്ഘാടനം ഓണ്‍ലൈനായാണ് നിര്‍വഹിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *