തിരുവനന്തപുരം: മഴക്കാലം എത്തിയതിനെ തുടർന്ന് രോഗങ്ങൾ പെരുകാൻ സാധ്യതയുള്ളതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഡെങ്കിപ്പനി, ഇൻഫ്‌ളുവൻസ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാൻ കരുതൽ സ്വീകരിക്കണം. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ മെഡിക്കൽ സ്റ്റോറിൽ നിന്നും ഗുളിക വാങ്ങി സ്വയം ചികിത്സിക്കരുതെന്നും ആരംഭത്തിലേ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു.
രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും മന്ത്രി അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. സർക്കാർ സ്വകാര്യ ആശുപത്രികളിൽ ചികിത്സാ പ്രോട്ടോകോളും ലഭ്യമാക്കി. ജീവനക്കാർക്ക് പരിശീലന പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ലതായും മന്ത്രി വ്യക്തമാക്കി.
കെ എം എസ് സി എൽ മുഖേന അവശ്യ മരുന്നുകൾ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും മരുന്ന് ലഭ്യത ഉറപ്പ് വരുത്തണമെന്ന് മന്ത്രി നിർദേശിച്ചു. ‘മാരിയില്ലാ മഴക്കാലമെ’ന്ന പേരിൽ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ കാമ്പയിന്റെ ഭാഗമായി പ്രത്യേക കാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.






