അടിമാലി: കാട്ടാന ശല്യത്തിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 14ന് നേര്യമംഗലത്ത് വനംവകുപ്പ് ഓഫീസുകൾ ഉപരോധിയ്ക്കും. വാളറ, ഒഴുവത്തടം, പഴമ്പിള്ളിച്ചാൽ, കുളമാം കുടി, ദേവിയാർ കോളനി, അഞ്ചാം മൈൽ, കാത്തിര വേലി തുടങ്ങിയ പ്രദേശങ്ങളിൽ ആനശല്യം വ്യാപകമാണ്. വ്യാപകമായി കൃഷി നശിപ്പിക്കുന്നതിനാൽ കർഷകർ കടുത്ത ദുരിതത്തിലും പ്രതിഷേധത്തിലുമാണ്.
പല തവണ പരാതിപ്പെട്ടിട്ടും ഇക്കാര്യത്തിൽ വനം വകുപ്പിന്റെ ഭാഗത്തു നിന്നും കാര്യമായ ഇടപെടൽ ഉണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാർ ചേർന്ന് രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രത്യക്ഷ സമര പരിപാടികൾക്ക് രൂപം നൽകിയിട്ടുള്ളത്. ഉപരോധത്തിൽ എം.പി, എം.എൽ.എ എന്നിവരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.





