Timely news thodupuzha

logo

ആദിത്യ എൽ 1 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൗര ദൗത്യത്തിന് തുടക്കം കുറിച്ചു കൊണ്ട് ആദിത്യ എൽ 1 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് കൃത്യം 11.50ന് ബഹിരാകാശ പേടകം വിക്ഷേപിച്ചതായി ഇസ്രൊ സ്ഥിരീകരിച്ചു. സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.

വിക്ഷേപിച്ച് ഒരു മണിക്കൂറിനു ശേഷമാണ് പേടകം റോക്കറ്റിൽ നിന്ന് വേർപ്പെട്ട് ഭ്രമണപഥത്തിലെത്തുക. ഭൂമിക്കും സൂര്യനും ഇടയിലുള്ള സാങ്കൽപ്പിക പോയിൻറായ ഒന്നാം ലഗ്രാഞ്ചാണ് ആദിത്യ ലക്ഷ്യമിടുന്നത്. അമെരിക്ക, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളാണ് ഇതിനു മുൻപ് സൗരദൗത്യം നടത്തിയിട്ടുള്ളത്.

125 ദിവസമെടുത്ത് 15 ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് പേടകം ഈ പോയിൻറിലെത്തുക. വിക്ഷേപണത്തിനു ശേഷം ഭൂമിയിൽ നിന്ന് ഏറ്റവും കൂടിയ അകലമായ 19,500 കിലോമീറ്ററും കുറഞ്ഞ അകലമായ 253 കിലോമീറ്ററും വരുന്ന ദീർഘ വൃത്ത ഭ്രമണപഥത്തിൽ എത്തുന്ന പേടകത്തെ പിന്നീട് ഘട്ടം ഘട്ടമായി ലക്ഷ്യസ്ഥാനത്തെത്തിക്കാമെന്നാണ് പ്രതീക്ഷ.

ഗ്രഹണം അടക്കമുള്ള തടസ്സങ്ങൾ ഇല്ലാതെ സൂര്യനെ നിരന്തരമായി നിരീക്ഷിക്കുവാൻ ഈ പോയിൻറിലെത്തുന്നതോടെ സാധിക്കുമെന്നാണ് ഇസ്രോയുടെ പ്രതീക്ഷ. സൂര്യനെയും അതു മൂലമുള്ള ബഹിരാകാശ കാലാവസ്ഥയുടെ വ്യതിയാനങ്ങളെയും പേടകം വഴി നിരീക്ഷിക്കാൻ കഴിയും. ‌

ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, സൂര്യൻറെ ഏറ്റവും പുറമേയുള്ള ഭാഗമായ കൊറോണം എന്നിവയെ വൈദ്യുതി കാന്തിക, കണിക, കാന്തിക മണ്ഡലം ഡിറ്റക്റ്ററുകൾ വഴി നിരീക്ഷിക്കുന്നതിനായി 7 പേലോഡുകൾ പേടകത്തിൽ ഉണ്ടായിരിക്കും. ഇതിൽ 4 പേലോഡുകൾ നേരിട്ട് സൂര്യനെ നിരീക്ഷിച്ചു കൊണ്ടിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *