കോട്ടയം: ഈ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തുമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പുതുപ്പള്ളിൽ വികസനം ചർച്ചയായിയെന്നും അദ്ദേഹം പറഞ്ഞു. നിസ്സാരമായി ജയിക്കാമെന്ന് യു.ഡി.എഫ് കരുതി.
എന്നാൽ അതല്ല സ്ഥിതിയെന്ന് ഇപ്പോൾ മനസിലായി. പ്രചരണ രംഗത്തടക്കം എൽ.ഡി.എഫ് ബഹുദൂരം മുന്നോട്ടുപോയിരിക്കയാണ്. വികസനവും രാഷ്ട്രീയവും ചർച്ചയായി. വികസനം ചർച്ചചെയ്യാനില്ലെന്നും എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക്.സി.തോമസ് നാലാംതരക്കാരനാണെന്നും പറഞ്ഞത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്.
ആ വാദമെല്ലാം പുതുപ്പള്ളിയിൽ തകർന്നു. മാത്രമല്ല തെരഞ്ഞെടുപ്പു പ്രചരണ രംഗത്ത് ബി.ജെ.പിക്കെതിരെ കോൺഗ്രസ് ഒരക്ഷരം പറയുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.
കേരളത്തിന്റെ ദ്രുതഗതിയിൽ വളരുന്ന വികസന പ്രവർത്തനങ്ങളുമായി ഒത്തുനോക്കുമ്പോൾ പുതുപ്പള്ളി അതിൽനിന്നു പിന്നിലാണെന്ന് മനസിലാക്കിക്കാൻ കഴിഞ്ഞു.
ഈ മണ്ഡലത്തിനും കേരളത്തിന്റെ വളർച്ചക്കൊപ്പം മുന്നേറണമെന്ന വികാരം ജനങ്ങൾക്കിടയിൽ വളർന്നിട്ടുണ്ട്. നേരിട്ട് വോട്ടർമാരെ കണ്ട് വോട്ട് അഭ്യർത്ഥിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. കുടുംബ യോഗങ്ങളിലടക്കം വൻ പങ്കാളിത്തമായിരുന്നു.
എല്ലാവരോടും രാഷ്ട്രീയവും വികസനവുമാണ് പറഞ്ഞത്. കേന്ദ്രം സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കുമ്പോഴും ഓണം നന്നായി ആഘോഷിക്കുവാൻ വേണ്ട കാര്യങ്ങൾ എല്ലാം സർക്കാർ ചെയ്തു. 18000 കോടിരൂപയാണ് ഓണമാഘോഷിക്കാൻ വേണ്ടിയിരുന്നത്. അത് കണ്ടെത്തിയാണ് ഓണം പൊന്നോണമാക്കിയത്.