ന്യൂഡൽഹി: ഞായറാഴ്ച്ചയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത യുള്ളതിനാൽ സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് മിതമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ചക്രവാതച്ചുഴി രൂപപ്പെട്ട് 48 മണിക്കൂറിൽ ഇത് ന്യൂന മർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ രീതിയിലുള്ള മഴ തുടരാൻ സാധ്യത. സെപ്റ്റംബർ രണ്ടു മുതൽ ആറു വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
നിലവിൽ വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരത്തും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വനമേഖലകളിൽ ശക്തമായ മഴയും, ഗവിയുടെ പരിസരപ്രദേശങ്ങളിലെ ഉൾവനത്തിൽ ഉരുൾപൊട്ടലും ഉണ്ടായതിനാൽ ഗവിയിലേക്കുള്ള യാത്ര ജില്ലാ ഭരണകൂടം നിരോധിച്ചിട്ടുണ്ട്.