Timely news thodupuzha

കോഴിക്കോട് നിപ സംശയത്തിൽ കഴിയുന്ന കുട്ടികളുടെ നില ​ഗുരുതരം

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്ന രണ്ടു പേരുടെയും ആരോഗ്യ നില ​ഗുരുതരം. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ടു മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ ഒമ്പതു വയസുകാരൻറെ നില അതീവ ഗുരുതരമാണ്.

വെന്റിലേറ്ററിൻറെ സഹായത്തോടെയാണ് കുട്ടി ആശുപത്രിയിൽ കഴിയുന്നത്. നാലു വയസുകാരൻറെ നിലയും ഗുരുതരമാണെന്നാണ് വിവരം. ഗുരുതരമായി തുടരുന്ന കുട്ടിയുടേയും മരിച്ച രണ്ടാമത്തെ ആളുടെയും സ്രവ സാമ്പിളുകൾ പിരശോധനയ്ക്ക് അയച്ചിട്ടുണ്ട്.

പൂനെ വൈറോളജി ഇൻറസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. ഫലം ലഭിച്ചതിനു ശേഷമേ നിപയാണെന്ന് പൂർണമായും സ്ഥിരീകരിക്കാനാകൂ. അതേസമയം, പ്രാദേശിക പരിശോധനയിൽ നിപ സ്ഥിരികരിച്ചതായാണ് വിവരം.

ഇതിനിടെ കോഴിക്കോട് ഡി.എം.ഒ അടിയന്തര യോഗം വിളിച്ചു. രാവിലെ 10.30 നാണ് യോ​ഗം. ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജും ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ കലക്ടറും യോഗത്തിൽ ചേരും.

ആരോഗ്യ വകുപ്പ് ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര നടപടിക്ക് നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി അറിയിച്ചു.

രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി. പരിശോധ ഫലത്തിൽ രോഗം സ്ഥിരീകരിച്ചാൽ നിപ പ്രോട്ടോകോൾ നടപടികൾ സ്വീകരിക്കും.

കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിൽപ്പെട്ട പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആയഞ്ചേരി, മരുതോങ്കര, ഭാഗങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സ്കൂളുകൾക്കും ആങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *