തൃശൂർ: ഗുരുവായൂർ – പുനലൂർ എക്സ്‌പ്രസ് ട്രെയിനിൽ കോച്ചുകൾ വെട്ടിച്ചുരുക്കിയതോടെ യാത്രക്കാർ ദുരിതത്തിൽ. ട്രെയിൻ മധുരവരെ നീട്ടിയപ്പോൾ കോച്ചുകൾ കുറയ്‌ക്കുകയും ബാക്കിയുള്ള കോച്ചുകളിൽ മൂന്നെണ്ണം റിസർവ്‌ഡ് ആക്കുകയും ചെയ്തതോടെയാണ് ഗുരുവായൂരിനും എറണാകുളത്തിനുമിടയിലെ സ്ഥിരം യാത്രികർക്ക് വണ്ടിയിൽ കയറാനാവാത്ത വിധം തിരക്കായി മാറിയത്.
വർഷങ്ങളായി ഈ വണ്ടിയിൽ യാത്ര ചെയ്‌തിരുന്നവരാണ് ട്രെയിനിൽ കയറിപ്പറ്റാനാകാതെ ഗതികേടിലായത്. ഗുരുവായൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിനിൽ സീറ്റുകൾ നിറഞ്ഞ് തൃശൂരിൽ നിന്നുതന്നെ യാത്രക്കാർ നിൽപ്പ് തുടങ്ങും.
ഇരിങ്ങാലക്കുടയും ചാലക്കുടിയും എത്തുന്നതോടെ സ്ത്രീകളും വിദ്യാർത്ഥികളുമടക്കമുള്ള യാത്രികർക്ക് വണ്ടിയിൽ കയറാൻതന്നെ കഴിയാത്ത സ്ഥിതിയാണ്.
കയറിയവർക്ക് നിലത്ത് കാലുകുത്താനാകുന്നില്ല. ഗുരുവായൂർ – പുനലൂർ എക്സ്‌പ്രസ് ട്രെയിനിലെ യാത്രപ്രശ്‌നം റെയിൽവേ അടിയന്തരമായി പരിഹരിക്കണമെന്ന് തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.