ന്യൂഡൽഹി: വനിതാ സംവരണ ബില്ല് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ആണ് ബില്ല് അവതരിപ്പിക്കുക. ബില്ലിന്മേലുള്ള ചർച്ചയും വോട്ടെടുപ്പും നാളെ നടത്തും. വനിതാ സംവരണ ബില്ല് ലോക്സഭാ ബുധനാഴ്ച പാസാക്കിയിരുന്നു.
രണ്ടിനെതിരേ 454 വോട്ടുകൾക്കാണു ഭരണതലപ്പത്ത് ലിംഗസമത്വം ഉറപ്പാക്കുന്നതിലേക്കുള്ള ചുവടുവയ്പ്പായി മാറുന്ന ബിൽ പാസായത്. 8 മണിക്കൂർ നീണ്ട വിശദമായ ചർച്ചയ്ക്കുശേഷമായിരുന്നു 128ാം ഭരണഘടനാ ഭേദഗതി ബില്ലിൻറെ വോട്ടെടുപ്പ്.
രാത്രി എട്ടരയോടെ അംഗങ്ങൾക്കു സ്ലിപ്പ് നൽകി നടത്തിയ വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33% സീറ്റുകൾ വനിതകൾക്കു സംവരണം നൽകുന്ന സുപ്രധാന ബില്ലാണ് വനിതാ സംവരണ ബില്ല്.
60പേർ പങ്കെടുത്ത ചൂടേറിയ ചർച്ചയ്ക്കൊടുവിലാണു ബിൽ വോട്ടിനിട്ടത്. ബിൽ പ്രാവർത്തികമാക്കാൻ 2029 വരെ കാത്തിരിക്കേണ്ടതില്ലെന്നും അടുത്ത തെരഞ്ഞെടുപ്പിൽ നടപ്പാക്കണമെന്നുമായിരുന്നു ചർച്ചയിൽ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം മുന്നോട്ടുവച്ച പ്രധാന നിർദേശം.






