Timely news thodupuzha

logo

ഹർദീപ്‌ സിങ്ങ് നിജ്ജാർ വധം; പൗരർക്ക്‌ ജാഗ്രതാ നിർദേശം നൽകി ഇന്ത്യയും ക്യാനഡയും

ന്യൂഡൽഹി: ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ്‌ മേധാവി ഹർദീപ്‌ സിങ്ങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണ– പ്രത്യാരോപണങ്ങളെ തുടർന്ന്‌ ബന്ധം വഷളായ ഇന്ത്യയും ക്യാനഡയും സ്വന്തം പൗരർക്ക്‌ ജാഗ്രതാ നിർദേശം നൽകി.

ക്യാനഡയിലുള്ള ഇന്ത്യൻ പൗരർക്കും വിദ്യാർഥികൾക്കും കേന്ദ്ര സർക്കാർ അതീവ ജാഗ്രതാനിർദേശം നൽകി. അവിടേക്ക്‌ യാത്രയ്ക്ക്‌ പദ്ധതിയിടുന്നവരും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളെ എതിർത്ത നയതന്ത്ര പ്രതിനിധികൾക്കും ഒരു വിഭാഗം ഇന്ത്യക്കാർക്കുമെതിരെ ഭീഷണിയുണ്ട്‌. അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാനായി ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമീഷൻ, ടൊറന്റോ, വാൻകൂവർ കോൺസുലേറ്റുകളുടെ വെബ്‌സൈറ്റുകളിലോ രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു.

തീവ്രവാദ ആക്രമണങ്ങൾക്ക്‌ സാധ്യതകൂടിയതിനാൽ ഇന്ത്യയിലേക്കും പ്രത്യേകിച്ച്‌ ജമ്മു കശ്‌മീരിലേക്കും യാത്ര ഒഴിവാക്കണമെന്ന് ക്യാനഡ പൗരരോട് നിർദേശിച്ചു. ഇന്ത്യയിലെ കനേഡിയൻ പൗരർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ക്യാനഡയിലെ ഇന്ത്യൻ വംശജരായ ഹിന്ദുക്കൾ രാജ്യം വിടണമെന്ന്‌ ആവശ്യപ്പെട്ട്‌ ഖലിസ്ഥാൻ അനുകൂല സംഘടന സിഖ്‌ ഫോർ ജസ്റ്റിസ്‌ രംഗത്തെത്തി.

നിജ്ജാറിന്റെ കൊലയ്ക്ക്‌ പിന്നിൽ ഇന്ത്യയാണെന്ന് ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെ ഇരു രാജ്യവും രഹസ്യാന്വേഷണ ഏജൻസികളുടെ രാജ്യത്തെ മേധാവികളെ പരസ്പരം പുറത്താക്കിയിരുന്നു.

അതേസമയം, ട്രൂഡോയുടെ ആരോപണം അതീവ ഗൗരവമുള്ളതാണെന്ന്‌ അമേരിക്കയുടെ ദേശീയ സുരക്ഷാ കൗൺസിലിന്റെ നയതന്ത്ര ആശയവിനിമയ കോ–-ഓർഡിനേറ്റർ ജോൺ കിർബി പറഞ്ഞു.

ക്യാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യസഹകരിക്കണമെന്നും- ആവശ്യപ്പെട്ടു. ട്രൂഡോയുടെ വെളിപ്പെടുത്തൽ ആശങ്കയുളവാക്കുന്നതെന്ന്‌ ബ്രിട്ടനിലെ സിഖ്‌ വംശജരായ എംപിമാർ പ്രതികരിച്ചു. ഓസ്‌ട്രേലിയയും വിശദാന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്‌.

Leave a Comment

Your email address will not be published. Required fields are marked *