Timely news thodupuzha

കരിമണ്ണൂരിൽ യു.ഡി.എഫ് അട്ടിമറി; ലിയോ കുന്നപ്പിള്ളി വൈസ് പ്രസിഡന്റ്

കരിമണ്ണൂർ: ​ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ജനാധിപത്യ കേരള കോൺ​ഗ്രസ് പ്രതിനിധിയായിരുന്ന ലിയോ കുന്നപ്പിള്ളി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.ഐയിലെ സന്തോഷ് കുമാറായിരുന്നു എൽ.ഡി.എഫിന്റെ ഔദ്യോ​ഗിക സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പ് സമയത്ത് ലിയോ കുന്നപ്പള്ളിയുടെ പേര് യു.ഡി.എഫ് നിർദ്ദേശിക്കുക ആയിരുന്നു. ലിയോ കുന്നപ്പിള്ളിക്ക് ഏഴ് വോട്ടുകളും സന്തോഷ് കുമാറിന് ആറ് വോട്ടുകളും ലഭിച്ചു. മുമ്പ് യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലെത്തിയ ഡി.ദേവസ്യക്ക് കൂറുമാറ്റ നിരോധന നിയമ പ്രകാരം വോട്ട് ചെയ്യാനായില്ല.

ലിയോ കുന്നപ്പിള്ളി എൽ.ഡി.എഫിനെ വഞ്ചിച്ചു എന്നാരോപിച്ച് ഒരു കൂട്ടം പ്രവർത്തകർ സംഘർഷാവസ്ഥ സൃഷ്ടിച്ചെങ്കിലും പൊലീസ് രം​ഗം ശാന്തമാക്കി. മുന്നണി ധാരണ പ്രകാരം കേരള കോൺ​ഗ്രസ് എമ്മിലെ സാൻസൺ അക്കക്കാട്ട് രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് പ്രവർത്തകർ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് കോൺ​ഗ്രസ് പ്രതിനിധിയായി വിജയിച്ച ഡി.ദേവസ്യയെ കൂറുമാറ്റി എൽ.ഡി.എഫ് ഭരണം അട്ടിമറിച്ചിരുന്നു.

ഇപ്പോൾ യു.ഡി.എഫ് വൈസ് പ്രസിഡന്റ് സ്ഥാനം തിരിച്ചു പിടിക്കുകയായിരുന്നു. ഡി.ദേവസ്യ എൽ.ഡി.എഫ് പ്രതിനിധിയായി കോൺ​ഗ്രസിൽ നിന്നും കൂറുമാറി പ്രസിഡന്റായപ്പോൾ യു.ഡി.എഫ് കാര്യമായ പ്രതിഷേധം ഉയർത്തിയിരുന്നില്ല. എന്നാൽ, ഇപ്പോൾ അതേ രീതിയിൽ വൈസ് പ്രസിഡന്റു സ്ഥാനം നഷ്ടമായപ്പോൾ എൽ.ഡി.എഫ് പ്രവർത്തകർ ക്ഷുഭിതരായി.

Leave a Comment

Your email address will not be published. Required fields are marked *