Timely news thodupuzha

logo

ഡോ. സിറിയക് തോമസ് @80; അനുഗ്രഹ പൂമഴയുടെ എട്ടു പതിറ്റാണ്ടുകൾ

ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യൻ(കാത്തലിക് ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി) എഴുതുന്നു.

അനേകായിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്ന അദ്ധ്യാപകൻ, അടിയുറച്ച ആദർശ ശുദ്ധിയിൽ വാർത്തെടുത്ത നിലപാടുകൾ, തുടർച്ചയായ സാമുഹ്യ ഇടപെടലുകൾ, മൂല്യങ്ങളിലും വിശ്വാസങ്ങളിലും അടിയുറച്ചു നിന്ന് പഴമയെ കൈവിടാതെ ആധുനിക മാറ്റങ്ങൾക്ക് വഴിതെളിച്ച അതുല്യ വ്യക്തിത്വം. നവഭാരത സൃഷ്ടിക്കായി സാമുഹ്യ തിന്മകൾക്കെതിരെ നിരന്തരം നടത്തിയ അചഞ്ചലമായ പോരാട്ടം. 80ന്റെ നിറവിലും പ്രായത്തെ വെല്ലുവിളിച്ച് ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ഇന്നും സമൂഹത്തിന്റെ സമഗ്ര തലങ്ങളിലും സജീവ സാന്നിധ്യമാണ് ഡോ.സിറിയക് തോമസ്.

വാക്കുകളിലും വരകളിലുമൊതുങ്ങാത്ത സമാനതകളില്ലാത്ത ജീവിത ശൈലിയുമായി ശിഷ്യഗണങ്ങളെയും സുഹൃത്തുക്കളെയും ബന്ധുമിത്രാദികളെയും നെഞ്ചോടു ചേർത്തുപിടിച്ച് ദൈവം ദാനമായ നൽകിയ എൺപതാം വർഷത്തിന്റെ പടികൾ ചവിട്ടുമ്പോൾ എല്ലാം ദൈവത്തിന്റെ കരുണയും അനുഗ്രഹവുമെന്ന് തുറന്നുപറഞ്ഞ് നന്ദിയോടെ ആശ്വസിക്കുകയാണദ്ദേഹം.

1943 ഒക്ടോബർ 24ന് സ്വാതന്ത്ര്യ സമരസേനാനിയും, തിരു-കൊച്ചി നിയമസഭാധ്യക്ഷനുമായിരുന്ന ആർ.വി.തോമസിന്റെയും സ്വാതന്ത്ര്യ സമരസേനാനിയും സാമൂഹ്യപ്രവർത്തകയുമായ ഏലിക്കുട്ടി തോമസിന്റെയും മകനായി ജനിച്ച ഡോ.സിറിയക് തോമസ് 31 വർഷം പാലാ സെന്റ് തോമസ് കോളജിൽ അദ്ധ്യാപകനായിരുന്നു. 1998-ൽ കേരള സർവ്വകലാശാല പ്രോ-വൈസ് ചാൻസലറായി. തുടർന്ന് ആക്ടിംഗ് വൈസ് ചാൻസലർ, 2000-ൽ എം.ജി.യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ, രണ്ടുതവണകളിലായി ഒന്നരവർഷക്കാലം കൊച്ചി സർവ്വകലാശാലയുടെ വൈസ് ചാൻസലർ എന്നീ പദവികളലങ്കരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഊടും പാവും നൽകി മികവുറ്റതാക്കാൻ അദ്ദേഹത്തിനായി.

സ്വാശ്രയ കോളജ് സംബന്ധിച്ചുള്ള തർക്കങ്ങളിൽ സമവായ ശ്രമങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയതും പ്രത്യേകം സ്മരിക്കേണ്ടതാണ്. ഇന്റർ യൂണിവേഴ്സിറ്റി കൺസൾട്ടേറ്റീവ് കൗൺസിൽ മെമ്പർ സെക്രട്ടറി, സ്വകാര്യ സർവ്വകലാശാലകളുടെ സാധ്യതയെപ്പറ്റി പഠിച്ച സംസ്ഥാന സർക്കാർ കമ്മീഷൻ ചെയർമാൻ എന്നീ പദവികളിലും ശോഭിച്ച ഡോ.സിറിയക് തോമസ് വിദ്യാഭ്യാസത്തെയും വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും കലാലയ മതിൽക്കെട്ടുകൾക്കുള്ളിൽ ഒതുക്കാതെ പൊതുസമൂഹവും സാമൂഹ്യ വിഷയങ്ങളുമായി ബന്ധിപ്പിച്ചു നിർത്തണമെന്ന നിലപാടാണ് എക്കാലവും സ്വീകരിച്ചിട്ടുള്ളതും തന്റെ പ്രവർത്തനമേഖലകളിൽ നടപ്പിലാക്കാൻ ശ്രമിച്ചതും.

അമൂല്യ രചനകൾ

ബിഷപ് വയലിൽ ഒരു കാലഘട്ടത്തിന്റെ കഥ, സ്വാതന്ത്ര്യത്തിന്റെ അടിമത്വം, ഈസ്റ്ററിന്റെ സുവിശേഷം, മദർ ആന്റ് സിസ്റ്റർ, മുറിവേറ്റ സിംഹങ്ങൾ, ചിരിയുടെ വലിയ മെത്രാപ്പോലീത്ത, ആത്മീയതയുടെ പാഠപുസ്തകം, ഡൽഹി ഡയറി, ഭൂമിയിലെ നക്ഷത്രങ്ങൾ, കിരീടം തൊടാത്ത നേതാവ്, തുടങ്ങിയ അദ്ദേഹത്തിന്റെ ഒട്ടേറെ രചനകൾ അമൂല്യങ്ങളും ചരിത്രസത്യങ്ങളും ആനുകാലിക സംഭവങ്ങളും വിഷയങ്ങളും പ്രതിപാദിക്കുന്നതിനോടൊപ്പം എട്ടുപതിറ്റാണ്ടുകളിലെ ജീവിതയാത്രയിലെ അനുഭവ സമ്പത്ത് ഹൃദയത്തിൽ തൊട്ട് അക്ഷരങ്ങളിലൂടെ പങ്കുവയ്ക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അടിമത്തം എന്ന ഗ്രന്ഥത്തിലൂടെ സ്വാതന്ത്ര്യ സമരത്തിന്റെ തീക്ഷ്ണ സ്മരണകളും കഷ്ടപ്പാടുകളും നഷ്ടപ്പെടലുകളും നൊമ്പരങ്ങളും വിവരിക്കുന്നതിനോടൊപ്പം ഇന്നത്തെ അധികാര ആർഭാട ധൂർത്തു രാഷ്ട്രീയത്തിനെതിരെ ശക്തമായി വിരൽ ചൂണ്ടുന്നു.

അദ്ധ്യാപകൻ, പ്രഭാഷകൻ, സാമൂഹ്യപ്രവർത്തകൻ, ഗാന്ധിയൻ, ഗ്രന്ഥകാരൻ, സഭാ സമുദായ സ്നേഹി എന്നിങ്ങനെ വിവിധ മേഖലകളിലെ തിളക്കമാർന്ന പ്രവർത്തനങ്ങൾ ഡോ.സിറിയക് തോമസിനെ പൊതുസമൂഹത്തിൽ ഉയരങ്ങളിലെത്തിക്കുന്നുവെങ്കിലും ജീവിത ലാളിത്യവും വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന ഹൃദയ വിശുദ്ധിയും, നന്മകളും, ഹൃദയസ്പർശിയായ സമീപനങ്ങളും കൂടുതൽ ആദരണീയനാക്കുന്നു.

സാമൂഹ്യ തിന്മകൾക്കെതിരെയുള്ള ശബ്ദം

സംയുക്ത ക്രൈസ്തവ മദ്യവർജനസമിതി, കേരള മദ്യനിരോധന സമിതി എന്നിവയുടെ നേതൃത്വത്തിലിരുന്ന് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കേരള സമൂഹത്തിൽ അദ്ദേഹമുയർത്തിയ ശബ്ദം ഇന്നും മുഴങ്ങുന്നു. അക്രമങ്ങൾക്കും ഭീകരവാദത്തിനും രാഷ്ട്രീയ അഴിമതിക്കും ധൂർത്തിനും സാംസ്‌കാരിക അധഃപതനത്തിനുമെതിരെ ഡോ. സിറിയക് തോമസിന്റെ ചിന്തയിലും നേതൃത്വത്തിലും 1981 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ രൂപംകൊണ്ട അക്രമരഹിത സാംസ്‌കാരിക വേദിക്ക് കോട്ടയം തിരുനക്കര മൈതാനിയിൽ തുടക്കം കുറിച്ചത് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി ആയിരുന്നു. വിദ്യാഭ്യാസ വിദഗ്ദ്ധരും, സാമൂഹ്യ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രഗത്ഭരുമായിരുന്ന ഡി സി കിഴക്കേമുറി, ആർ.എം. മനയ്ക്കലത്ത്, കെ.ഇ.മാമ്മൻ എന്നിവരോടൊപ്പം ഡോ.സിറിയക് തോമസ് നേതൃത്വം നൽകിയ അക്രമരഹിത സാംസ്‌കാരിക വേദിയാണ് പിന്നീട് ഡോ. സുകുമാർ അഴീക്കോടിന്റെ നേതൃത്വത്തിൽ നവഭാരതവേദിയായി സംസ്ഥാനത്തുടനീളം ആയിരങ്ങൾക്ക് ആവേശമേകി സാമുഹ്യതിന്മകൾക്കും, രാഷ്ട്രീയ അധഃപതനത്തിനും അഴിമതിക്കുമെതിരെ ആഞ്ഞടിച്ചത്. നവഭാരതവേദി ഉയർത്തിപ്പിടിച്ച ആശയങ്ങളും ചിന്തകളും കാഴ്ചപ്പാടുകളും ഇന്നും വളരെയേറെ പ്രസക്തമാണ്.

സഭാ സ്നേഹി

സഭാസംവിധാനങ്ങളോട് ചേർന്നുനിന്ന് അടിയുറച്ച വിശ്വാസ സാക്ഷ്യമായ ഡോ.സിറിയക് തോമസിന്റെ സഭാ, സാമുദായിക സേവന ശുശ്രൂഷകൾ സ്മരിക്കപ്പെടേണ്ടതുതന്നെ. വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളെ ചേർത്തുനിർത്തി കോർത്തിണക്കിയുള്ള എക്യുമെനിക്കൽ മുന്നേറ്റത്തിന് വലിയ സംഭാവനകൾ ഇന്നും നൽകുന്നു. സീറോ മലബാർ സഭ അല്മായ കമ്മീഷന്റെ 2009ലെ അല്മായ അസംബ്ലിയുടെ മുഖ്യ സംഘാടകനായും ലെയ്റ്റി കൺസൾട്ടേഷൻ കൗൺസിലിന് നേതൃത്വം നൽകിയും അദ്ദേഹം പ്രവർത്തിച്ചു. കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വ നിരയിൽ മാത്രമല്ല പാലാ രൂപതയുടെ പാസ്റ്ററൽ കൗൺസിൽ പ്രസിഡന്റായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. സീറോ മലബാർ സഭ സഭാതാരം പദവി നൽകി അദ്ദേഹത്തെ ആദരിച്ചു.

കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ മെമ്പർ എന്ന നിലയിൽ ഇന്ത്യയിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംരക്ഷണ കവചമൊരുക്കുക മാത്രമല്ല അർഹതപ്പെട്ട ന്യൂനപക്ഷ സ്ഥാപനങ്ങൾക്കെല്ലാം ന്യൂനപക്ഷ പദവി നൽകുവാനും അദ്ദേഹം ശ്രമിച്ചത് പ്രത്യേകം സ്മരിക്കുന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിറസാന്നിധ്യമായി. പ്രവർത്തനമേഖലകളിലൊക്കെ കൈയൊപ്പു ചാർത്തിയ അതുല്യ വ്യക്തിത്വത്തിന്റെ എൺപതുകളിലെ ഊർജ്ജസ്വലതയും ഉന്മേഷവും പ്രവർത്തനനിരതയും അടിയുറച്ച നിലപാടുകളും ആത്മാർത്ഥ സമീപനങ്ങളും ഏവർക്കും പ്രചോദനവും ആവേശവുമാണ്.

അദ്ധ്യാപനം, സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ, സാമുദായികം തുടങ്ങി വിവിധ തുറകളിലിന്നുള്ള ഒട്ടനവധി അതുല്യ വ്യക്തിത്വങ്ങളെ കൈപിടിച്ചുയർത്തുക മാത്രല്ല അവരുടെ ജീവിത യാത്രയിലെ മാർഗ്ഗദർശിയും സഹകാരിയും ശക്തിസ്രോതസ്സുമായ ഡോ. സിറിയക് തോമസിനെ ആദരിച്ചുകൊണ്ട് പിറന്നാൾ ദിനമായ ഒക്ടോബർ 24ന് വൈകിട്ട് 4ന് കോട്ടയം എം.റ്റി.സെമിനാരി ഹാളിൽ ഒത്തുചേരുന്നു. സുഹൃത്തുക്കളോടും ബന്ധുമിത്രാദികളോടും ശിഷ്യരോടുമൊപ്പം സാമുദായിക, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കുചേരുന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ പ്രകാശഗോപുരങ്ങൾ, നന്മമരങ്ങൾ എന്നീ രണ്ടു പുസ്തകങ്ങളുടെ പ്രകാശന കർമ്മവും നടക്കും.

Leave a Comment

Your email address will not be published. Required fields are marked *