അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ പുളിയപ്പതിയിലാണ് സംഭവം. തമിഴ്‌നാട് ചിന്നതാടം സ്വദേശി രാജപ്പനാണ്(70) മരിച്ചത്. മകളുടെ വീട്ടിൽ എത്തിയതായിരുന്നു രാജപ്പൻ. പ്രാഥമികാവശ്യത്തിനായി പുറത്തിറങ്ങിയ സമയത്ത് വീടിനോട് ചേർന്ന് നിലയുറപ്പിച്ചിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രാജപ്പനെ അഗളി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രാജപ്പന്റെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തിയെങ്കിലും കാട്ടാന അവിടെനിന്ന് പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് കാട്ടാനയെ തുരത്തിയത്






