ഇടുക്കി: ഭൂപതിവ് ഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ എത്തുന്നതിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് ഹർത്താൽ.
എസ്.എഫ്.ഐ കരിങ്കൊടി കാണിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് കനത്ത സുരക്ഷയാണ് ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ഒരുക്കിയിരിക്കുന്നത്.
ഹർത്താലിനെ തുടർന്ന് ജില്ലയിലെ കടകളും കമ്പോളങ്ങളും അടഞ്ഞു കിടക്കുകയാണ്. ബസ് സർവ്വീസുകൾ ഇല്ല. ഗവർണർക്കെതിരെ ചെവ്വാഴ്ച രാജ്ഭവൻ മാർച്ച് നടത്താൻ ഇടതു മുന്നണി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ അന്നേദിവസം തന്നെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കുടുംബ സുരക്ഷ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഗവർണർ എത്തുന്നത്. ഇതോടെയാണ് ജില്ലയിൽ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്.






