Timely news thodupuzha

രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കണമെന്ന് കോടതി

തിരുവനന്തപുരം: അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലിനെ വിശദമായ മെഡിക്കൽ പരിശോധനയ്ക്കു വിധേയനാക്കണമെന്ന് കോടതി നിർദേശം. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയിരിക്കുന്നത്.

പരിശോധനയുടെ ഫലം ലഭിച്ചതിനു ശേഷം മാത്രമേ ജാമ്യം അനുവദിക്കണമോ എന്നതിൽ തീരുമാനമെടുക്കൂ. യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷവുമായി ബന്ധപ്പെട്ടാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

തനിക്ക് വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്ന് വന്നതെന്നും രാഹുൽ കോടതിയെ അറിയിച്ചിരുന്നു. അതേത്തുടർന്നാണ് വിശദമായ പരിശോധനയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്.

മാർച്ചിനിടെ സ്ത്രീകളെ മുന്നിൽ നിർത്തി പൊലീസിനെ ആക്രമിച്ചു എന്നാണ് പൊലീസിൻറെ ആരോപണം. രാഹുലിന് ജാമ്യം നൽകിയാൽ അതു തെറ്റായ സന്ദേശം നൽകുന്നതിനു തുല്യമാകുമെന്നാണ് ജാമ്യത്തെ എതിർത്തു കൊണ്ട് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലാത്തിയും ഷീൽഡും അടിച്ചു പൊട്ടിക്കുന്ന വീഡിയോയും പൊലീസ് ഹാജരാക്കിയിട്ടുണ്ട്. കൻറോൺമെൻറ് പൊലീസ് രജിസ്റ്റർ ചെയ്ത മറ്റു രണ്ടു കേസുകളിലും രാഹുൽ പ്രതിയാണ്. ചൊവ്വാഴ്ച രാവിലെയാണ് രാഹുലിനെ പത്തനംതിട്ടയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. കേസിൽ നാലാം പ്രതിയാണ് രാഹുൽ.

Leave a Comment

Your email address will not be published. Required fields are marked *