കൊച്ചി: സൈബർ ആക്രമണം നേരിട്ടപ്പോൾ സിനിമാ ഗായകരുടെ സംഘടന തന്നെ പിന്തുണയ്ക്കാതിരുന്നതിനാൽ അതിൽ നിന്നും രാജിവെയ്ക്കുന്നതായി ഗായകൻ സൂരജ് സന്തോഷ്.
സിനിമാ ഗായകരുടെ സംഘടനയായ സമയിൽ നിന്നുമാണ്(സിങ്ങേഴ്സ് അസോസിയേഷൻ ഒഫ് മലയാളം മൂവിസ്) രാജിവെച്ചത്. തന്നെ സംഘടനയിലെ ആരും തന്നെ പിന്തുണച്ചില്ല എന്നു വ്യക്തമാക്കിയാണ് സൂരജ് സന്തോഷിന്റെ രാജി.
അയോധ്യ രാമക്ഷേത്രത്തിന് ആശംസകളുമായി എത്തിയ കെ.എസ് ചിത്രയെ രാഷ്ട്രീയപരമായി വിമർശിച്ചതിനാണ് സൂരജ് സന്തോഷിനെതിരെ സംഘപരിവാർ അണികൾ സൈബർ ആക്രമണം നടത്തിയത്.
പലരും ഭീഷണിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലും സംഘടന പിന്തുണച്ചില്ല. തുടർന്നാണ് സൂരജ് രാജി വെച്ചത്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമുള്ള ചിത്രയുടെ വാക്കുകൾ വസ്തുത മറച്ചു വെച്ചു കൊണ്ടുള്ളതാണെന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സൂരജ് അഭിപ്രായപ്പെട്ടത്.
പള്ളി പൊളിച്ചിടത്ത് അമ്പലം പണിയുന്നത് ഇന്ത്യയിലെ മതേതര മൂല്യങ്ങളിൽ വിശ്വസിക്കുന്ന മനുഷ്യർക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ചിത്രയെപ്പോലെയുള്ള കപടമുഖങ്ങൾ ഇനിയും അഴിഞ്ഞു വീഴാനുണ്ടെന്നും എത്ര ചിത്രമാർ തനിസ്വരൂപം കാട്ടാനിരിക്കുന്നു എന്നുമായിരുന്നു സൂരജിന്റെ പ്രതികരണം. ഇത് തന്റെ വ്യക്തമായ രാഷ്ട്രീയ നിലപാടാണെന്നും സൂരജ് വ്യക്തമാക്കിയിരുന്നു.






