കുമളി: വന്യമൃഗ ആക്രമണം തടയുന്നതിൽ ശാശ്വത പരിഹാരം ഉണ്ടാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ ഇനിയും കാലതാമസം വരുത്തിയാൽ കർഷക കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് വളയൽ ഉൾപ്പടെയുള്ള സമരമാർഗ്ഗങ്ങൾ നടത്തുമെന്ന് സംസ്ഥാന പ്രസിഡൻ്റ് കെ.സി വിജയൻ.
നൂറ് കണക്കിന് ആളുകളെ വന്യമൃഗങ്ങൾ കൊല്ലുകയും ആയിരകണക്കിന് ഏക്കർ സ്ഥലത്തെ കൃഷി നശിപ്പിക്കുകയും നൂറ് കണക്കിന് കർഷകരുടെ കിടപ്പാടം തകർക്കുകയും ചെയ്തിട്ടും ഇതൊന്നും കണ്ടില്ലായെന്ന് നടിക്കുന്ന പിണറായി സർക്കാരിനെതിരെ കർഷകരോഷം ആളി കത്തുകയാണെന്നും കുമളിയിൽ നടന്ന കർഷക കോൺഗ്രസ് ജില്ലാ നേതൃത്വ പരിശീലന ക്യാമ്പിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ അദ്ദേഹം കൂട്ടിച്ചേർത്തു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് ആൻ്റണി കുഴിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ടോമി പാലയ്ക്കൽ, ജോസ് മുത്തനാട്ട്, പി.എം വർക്കി, ഷൈനി സണ്ണി, ബാബു അത്തി മൂട്ടിൽ, ഇ.ജെ ജോസഫ്, എം.പി ഫിലിപ്പ്, തോമസ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.






