ഇടുക്കി: മാങ്കുളം ഗ്രാമപഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമായി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് പാമ്പുംകയം എണ്ണൂറ് മേഖല. ഇവിടെയാണ് ഇന്നലെ രാത്രിയിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പാമ്പുംകയം സ്വദേശി ജോർജ്ജ് ജോസഫിന്റെ വീടിന് നേരെയായിരുന്നു ആനയുടെ ആക്രമണം.

രാത്രി പത്തോടെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ ജനാല തകർത്ത് അകത്തിരുന്ന അരി കാട്ടാന ഭക്ഷിച്ചു. തെങ്ങുൾപ്പെടെയുള്ള കൃഷിവിളകളും കാട്ടാന നശിപ്പിച്ചു. തെങ്ങ് മറിച്ചിടുന്ന ശബ്ദം കേട്ടാണ് വീട്ടുടമ ആനയുടെ ആക്രമണം ഉണ്ടായ വിവരം തിരിച്ചറിയുന്നത്.

തുടർന്ന് വീട്ടിൽ നിന്നും രാത്രിയിൽ സുരക്ഷിത സ്ഥലത്തേക്ക് മാറി. വീടിന്റെ ഭാഗമായി ഉണ്ടായിരുന്ന ശുചിമുറിയും കാട്ടാന തകർത്തു.വലിയ തോതിലുള്ള കൃഷിനാശമാണ് പ്രദേശത്ത് കാട്ടാന വരുത്തിയത്.

ഈ മേഖലയിലെ കാട്ടാന ആക്രമണം ചെറുക്കുവാൻ വനംവകുപ്പിന്റെ ഫലപ്രദമായ ഇടപെടൽ വേണമെന്ന ആവശ്യം പ്രദേശവാസികൾ ഏറെ നാളായി മുമ്പോട്ട് വയ്ക്കുന്നുണ്ട്.

വൈദ്യുതി വേലിയുടെ അറ്റകുറ്റകുറ്റപ്പണികൾ നടത്തുകയും ശേഷിക്കുന്ന ഭാഗത്ത് വൈദ്യുതി വേലി തീർക്കുകയും വാച്ചർമാരെ നിയോഗിക്കുകയും വേണമെന്നാണ് ആവശ്യം.

പ്രായമായ ആളുകളാണ് ഈ മേഖലയിൽ അധികവും താമസിക്കുന്നത്. ആനയുടെ ആക്രമണം ഉണ്ടായാൽ രാത്രികാലത്തും മറ്റും സുരക്ഷിത സ്ഥലത്തേക്ക് മാറുക ഇവർക്ക് ഏറെ പ്രയാസമുള്ള കാര്യമാണ്.






