ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിത സുപ്രീം കോടതിയെ സമീപിച്ചു.
ഈ മാസം 23 വരെ ഡൽഹി റോസ് അവന്യൂ കോടതി കവിതയെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ഹൈദരാബാദിലെ വസതിയിലെത്തി കവിതയെ അറസ്റ്റ് ചെയ്തത്. തുടർന്ന്, ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഹൈദരാബാദിലെ വസതിയിൽ വെള്ളി രാവിലെ മുതൽ ഇ.ഡി, ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. നാലു മാസത്തിനിടെ ഇ.ഡി രണ്ടു സമൻസ് അയച്ചെങ്കിലും കവിത ഹാജരായിരുന്നില്ല.
കഴിഞ്ഞ വർഷം കവിതയെ മൂന്നു തവണ ചോദ്യം ചെയ്തിരുന്നു. കെട്ടിച്ചമച്ച ആരോപണങ്ങളാണ് ഇ.ഡി ഉന്നയിക്കുന്നതെന്ന് കവിത കോടതിയിൽ പറഞ്ഞു. അതേസമയം, മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ഇ.ഡി അവകാശപ്പെട്ടു.






