ബാംഗ്ലൂർ: കർണാടകയിലെ മടിക്കേരിയിൽ ബാല വിവാഹത്തില്‍ നിന്ന് കുടുംബം പിന്‍മാറിയതോടെ പത്താം ക്ലാസുകാരിയെ കഴുത്തറുത്ത് കൊന്ന കൊലയാളി മരിച്ച നിലയിൽ.
പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച പ്രകാശെന്ന(32) യുവാവിനെ ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ഇയാൾ ജീവനൊടുക്കിയത് ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മീനയെന്ന(16) പെൺകുട്ടിയെ കൊലപ്പെടുത്തി ഒളിവിൽപ്പോയ പ്രതിയെ പിടികൂടാൻ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് ഇയാളുടെ വസതിക്ക് സമീപം തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
മെയ് എട്ടിനായിരുന്നു ഇരുവരുടേയും വിവാഹം നിശ്ചയിച്ചിരുന്നത്. ഇയാളുമായി പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം വീട്ടുകാര്‍ നേര നടത്തിയിരുന്നു.
എന്നാൽ ശൈശവ വിവാഹത്തിനുള്ള ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് ബാലാവകാശ കമ്മീഷൻ അംഗങ്ങൾ സ്ഥലത്തെത്തി ചടങ്ങുകൾ തടഞ്ഞു.
തുടർന്ന് വിവാഹത്തിൽ നിന്ന് കുടുംബം പിന്മാറി. ഇതിൽ പ്രകോപിതനായി പ്രകാശ് മണിക്കൂറുകൾക്ക് ശേഷം വൈകീട്ട് 5.30ന് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മാതാപിതാക്കളെ ആദ്യം ആക്രമിച്ചു.
പിന്നീട് പെൺകുട്ടിയെ വീടിന് പുറത്തേക്ക് 100 മീറ്ററോളം വലിച്ചിഴച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയുടെ മാതാപിതാക്കൾ ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്.
പെൺകുട്ടിയുടെ അറുത്തുമാറ്റിയ തലയുമായാണ് പ്രതി രക്ഷപ്പെട്ടതെന്നും അത് ഇതുവരെ കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും വീണ്ടെടുക്കാനുള്ള തിരച്ചിൽ തുടരുകയാണെന്നും വിവരമുണ്ട്.






