കൊച്ചി: തൃപ്പൂണിത്തുറ ഏരൂരിൽ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നു കളഞ്ഞതായി പരാതി. ഇന്നലെ രാത്രിയാണ് 71 വയസുള്ള ഷൺമുഖനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നു കളഞ്ഞതായി പരിസരവാസികൾ അറിയുന്നത്. ഉടൻ തന്നെ വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു.
വീട്ടുടമ എത്തി പൊലീസിനെ വിവരം അറിയിച്ചു. മകൻ അജിത്ത് അച്ഛനെ നോക്കുന്നില്ലെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. മകനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഒരു ദിവസം മുഴുവനും ഭക്ഷണം കഴിക്കാതെയും പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാൻ സാധിക്കാതെയും ഷൺമുഖൻ വീട്ടിൽ തന്നെ കഴിഞ്ഞതായി പൊലീസ് പറയുന്നു.
ഷൺമുഖന് മകനെ കൂടാതെ രണ്ടു പെൺമക്കൾ കൂടിയുണ്ട്. പെൺമക്കൾ ആണ് ചികിത്സയ്ക്കും മറ്റുമായി ഷൺമുഖനെ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നത്.
അച്ഛനെ നോക്കാൻ തയ്യാറാണെന്ന് പെൺമക്കൾ പറഞ്ഞിരുന്നു. എന്നാൽ അച്ഛനെ വിട്ടുകൊടുക്കാൻ മകൻ തയ്യാറായിരുന്നില്ലെന്നും പൊലീസ് പറയുന്നു.






