ഇടുക്കി: നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷൻ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്കൂൾ കുട്ടികൾക്കായി മൂന്ന് ദിവസത്തെ ജൈവവൈവിധ്യ പഠനോൽസവം നടത്തുന്നു. മെയ് 20 മുതൽ 22 വരെ അടിമാലിയിലും മൂന്നാറിലുമായാണ് പരിപാടി സംഘടിപ്പിക്കുക. ഹരിതകേരളമിഷന് കീഴിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ബ്ലോക്ക് ജില്ലാതല ക്വിസ് മൽസരത്തിലൂടെ തെരഞ്ഞെടുത്ത 60 കുട്ടികളാണ് പഠനോൽസവത്തിൽ പങ്കെടുക്കുക. ലോക ജൈവവൈവിധ്യ ദിനാഘോഷത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പച്ചത്തുരുത്തുകളും അതിലെ ജൈവവൈവിധ്യവും ക്യാമ്പിന്റെ പ്രധാന ഘടകമായിരിക്കും.
വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി ശില്പശാലകള്‍, കുട്ടികളുടെ പഠനങ്ങള്‍, ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍, പാട്ടുകള്‍, കളികള്‍, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടുത്തിയാണ് മൂന്നുദിവസത്തെ പഠന ക്യാമ്പ്. ജൈവവൈവിധ്യവും അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യവും മുന്‍നിര്‍ത്തി ജൈവവൈവിധ്യ പഠനോത്സവ ക്യാമ്പുകള്‍ എല്ലാ വര്‍ഷവും വേനലവധിക്കാലത്ത് സംഘടിപ്പിക്കുമെന്ന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റും ഹരിത കേരളം മിഷന്‍ വൈസ് ചെയര്‍ പേഴ്സണുമായ ഡോ. റ്റി.എന്‍. സീമ അറിയിച്ചു.






