ഇടുക്കി: ഗാര്‍ഹിക പീഡന പരാതികള്‍ വര്‍ധിച്ചു വരുകയാണെന്നും വിവാഹ പൂര്‍വ കൗണ്‍സിലിംഗ് അനിവാര്യമാണെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
പരസ്പര വിശ്വാസമില്ലാത്തവരായി ദമ്പതികള്‍ മാറുകയും ഒരു കൂരയ്ക്ക് കീഴില്‍ പീഡനങ്ങള്‍ പതിവാവുകയും ചെയ്യുന്ന സംഭവങ്ങളാണ് ഏറെയും. കുടുംബ ജീവിതം എങ്ങനെ പരസ്പര വിശ്വാസത്തോടെയും പരസ്പരം അംഗീകരിച്ചും മുന്നോട്ടു കൊണ്ടു പോകണമെന്ന് പല ദമ്പതികള്‍ക്കും അറിയാത്ത സ്ഥിതിയുണ്ട്.
വിവാഹ പൂര്‍വ കൗണ്‍സിലിംഗ് അനിവാര്യമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. ശക്തമായ നിയമങ്ങള്‍ രാജ്യത്തുണ്ടെങ്കിലും ആ നിയമങ്ങള്‍ അനുശാസിക്കുന്ന സംരക്ഷണം സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്ന അവസ്ഥയുണ്ട്.
ഗാര്‍ഹിക ചുറ്റുപാടുകള്‍, തൊഴിലിടങ്ങള്‍, യാത്രാവേളകള്‍, പൊതു ഇടങ്ങള്‍ തുടങ്ങി ഏത് സാഹചര്യത്തിലായാലും നിയമങ്ങള്‍ അനുശാസിക്കുന്ന സുരക്ഷിതത്വം സ്ത്രീകള്‍ക്ക് ഒരുക്കി കൊടുക്കാന്‍ ഉതകുന്ന വിധം പോലീസിന്റെ ഇടപെടല്‍ ശക്തമാകണം. നിഷ്ഠൂര ഗാര്‍ഹിക പീഡനങ്ങള്‍ക്കിരയാവുന്ന സ്ത്രീകളോട് ഒത്തുതീര്‍പ്പിന് ആവശ്യപ്പെടുന്നത് പലപ്പോഴും പീഡനങ്ങള്‍ സഹിച്ച് ജീവിക്കൂ എന്ന ധ്വനി നല്‍കുന്നുണ്ട്.
ഇത്തരം കേസുകളില്‍ നിയമം അനുശാസിക്കുന്ന സംരക്ഷണം പീഡനത്തിനിരായ സ്ത്രീകള്‍ക്ക് ലഭ്യമാക്കാന്‍ പോലീസ് തയാറാകണം. താഴെത്തട്ടിലുള്ള പ്രശ്‌നപരിഹാരത്തിനായി വാര്‍ഡ്തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കണം. ഏകോപനത്തിനായി ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
സിറ്റിംഗില്‍ എട്ട് പരാതികള്‍ തീര്‍പ്പാക്കി. രണ്ട് പരാതികള്‍ പോലീസിന്റെ റിപോര്‍ട്ടിന് അയച്ചു. ഒരു പരാതി നിയമസഹായ അതോറിറ്റിക്കും ഒരു പരാതി റവന്യൂ വകുപ്പിനും കൈമാറി. ഇരുപത് പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.
ആകെ 32 പരാതികളാണ് പരിഗണിച്ചത്. വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ ജോസ് കുര്യന്‍, കൗണ്‍സലര്‍ ഒ.എ റൂബിയ എന്നിവര്‍ പങ്കെടുത്തു.