Timely news thodupuzha

logo

തൊടുപുഴ മുട്ടം ടാക്സി സ്റ്റാന്റിലുള്ള മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നതായി പരാതി

തൊടുപുഴ: മുട്ടം ടാക്സി സ്റ്റാന്റിലുള്ള മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നതായി പരാതി. പടർന്ന് പന്തലിച്ച് അപകടാവസ്ഥയിൽ നിരവധി മരങ്ങളാണ് ടാക്സി സ്റ്റാന്റിന് ചുറ്റിലുമുള്ളത്. ചെറിയ കാറ്റടിച്ചാൽ പോലും ശിഖരങ്ങൾ ഒടിഞ്ഞ് വീഴുന്നത് നിത്യ സംഭവങ്ങളാണ്. ഓട്ടോ ഉൾപ്പടെ നൂറിൽപരം ടാക്സി വാഹനങ്ങളാണ് എല്ലാ ദിവസവും ടാക്സി സ്റ്റാന്റിലേക്ക് എത്തുന്നത്.

വലിയ മരങ്ങളുള്ള ടാക്സി സ്റ്റാന്റിൽ ഏറെ ഭയത്തോടെയാണ്‌ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതെന്ന് വാഹന ഉടമകളും ഡ്രൈവർമാരും പറയുന്നു. ഈരാറ്റ് പേട്ട, പാല ഭാഗങ്ങളിലേക്ക് ബസ് കാത്ത് നിൽക്കുന്നത് ടാക്സി സ്റ്റാന്റിലുള്ള വെയ്റ്റിങ്ങ് ഷെഡിലാണ്.

കുട്ടികൾ, വയോജനങ്ങൾ എന്നിങ്ങനെ ദിവസവും നൂറ് കണക്കിന് ആളുകളാണ് വെയ്റ്റിങ്ങ് ഷെഡിനെ ആശ്രയിക്കുന്നത്. ഇതിന്റെ ചുറ്റിലും നിരവധി മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്.

വെയ്റ്റിങ്ങ് ഷെഡിന് സമീപത്തുള്ള വലിയ മരത്തിന്റെ ചുറ്റിലുമുള്ള തറയും വിണ്ട് കീറി പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. മരങ്ങൾ ചുവടോടെ മുറിച്ച് നശിപ്പിക്കാതെ ശിഖരങ്ങൾ മാത്രം വെട്ടി മാറ്റി അപകടാവസ്ഥ പരിഹരിക്കാൻ പഞ്ചായത്ത്‌ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ഓട്ടോ – ടാക്സി തൊഴിലാളികൾ ഒന്നടങ്കം പറയുന്നത്.

മരങ്ങളുടെ ശിഖരങ്ങൾ മുറിക്കാൻ ആളുകളെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവർ ഉടൻ ശിഖരങ്ങൾ മുറിച്ച് അപകടാവസ്ഥ പരിഹരിക്കുമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ് ഷേർളി അഗസ്റ്റിൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *