ഇടുക്കി: ഉപജീവന മാർഗ്ഗമെന്നോണം അടിമാലി ചാറ്റുപാറ മൂംകാംബിക നഗറിൽ താമസിക്കുന്ന ദാമോദരൻ കമല ദമ്പതികൾ വളർത്തിയിരുന്ന 75 കോഴികളാണ് ഇന്നലെ രാത്രിയിൽ ഉണ്ടായ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഇവർ കൂട്ടിലെത്തി നോക്കിയപ്പോഴാണ് കോഴികൾ ചത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇന്നലെ രാത്രിയിൽ കോഴികൾക്ക് തീറ്റ നൽകിയ ശേഷം കൂടടച്ചിരുന്നു. വീടിനോട് ചേർന്ന് തന്നെയാണ് കോഴികളുടെ കൂടുള്ളത്. രാത്രിയിൽ ബഹളമൊന്നും കേട്ടിരുന്നില്ലെന്നും കമല പറഞ്ഞു.
കൂടിന്റെ ചെറിയ ഒരു വിടവിലൂടെയാകാം അജ്ഞാത ജീവി അകത്ത് കയറിയതെന്നാണ് കരുതുന്നത്. കോഴികൾ കൂട്ടത്തോടെ ചത്തതോടെ വലിയ നഷ്ടമാണ് ഈ കർഷകർക്ക് ഉണ്ടായിട്ടുള്ളത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് അയൽവാസിയായ മോഹനന്റെ 18 കോഴികളേയും അജ്ഞാത ജീവി കൊന്നിരുന്നു. രണ്ടാം തവണയും പ്രദേശത്ത് അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായതോടെ ആളുകൾ ആശങ്കയിലാണ്. ആക്രമണം നടത്തുന്ന ജീവിയെ കണ്ടെത്തുകയും ആശങ്ക ഒഴിവാക്കുകയും വേണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.