ഇടുക്കി: കാന്തല്ലൂര്‍ പട്ടിശ്ശേരി ഡാമിന്റെ നിര്‍മാണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. 2014ല്‍ ആരംഭിച്ച ഡാമിന്റെ നിര്‍മ്മാണം സാങ്കേതികവും അല്ലാതെയുമുള്ള പലവിധ കാരണങ്ങളാല്‍ ഇതുവരെ 70 ശതമാനം മാത്രമാണ് പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞത്. ഒടുവില്‍ കരാറിലെ അടങ്കല്‍ തുക കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കരാറുകാരന്‍ രണ്ടു വര്‍ഷമായി നിര്‍മാണ ജോലികള്‍ നിര്‍ത്തവെക്കുകയായിരുന്നു.
2014ല്‍ പദ്ധതിയുടെ അടങ്കല്‍ തുക 24 കോടി രൂപയായിരുന്നു. പ്ലാനില്‍ മാറ്റം വന്നപ്പോള്‍ പിന്നീട് അത് 46.8 കോടി രൂപയായി ഉയര്‍ത്തി.രണ്ടു വര്‍ഷം മുമ്പ് കരാറുകാരന്‍ വീണ്ടും കരാര്‍ തുക പുതുക്കി നല്ലണമെന്നാവശ്യവുമായി സര്‍ക്കാരിന് മുന്നിലെത്തി. കഴിഞ്ഞ മാസം 56 കോടി രൂപയായി വീണ്ടും ഉയര്‍ത്തി നല്ലിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഡാമിന്റെ പണി പുനരാരംഭിച്ചിരിക്കുന്നത്. 33.2 മീറ്റര്‍ ഉയരവും 140 മീറ്റര്‍ നീളവുമുള്ള ഡാമാണ് നിര്‍മിക്കുന്നത്.
കൃഷിയിടങ്ങളിലേക്ക് ജലസേചന സൗകര്യങ്ങള്‍ ഒരുക്കുവാനും വിവിധ ഗ്രാമങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുവാനും കഴിയുന്ന പദ്ധതിയാണിത്.
ഡാമിന്റെ എതിര്‍വശത്തുള്ള സംരക്ഷണഭിത്തിയുടെ പൈലിങ്ങിന്റെ പണിയാണ് ആരംഭിച്ചത്. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്ത് നിന്നും ഒഴുകിപ്പോകുവാന്‍ സാധ്യതയുള്ള താഴ്ന്ന ഭാഗങ്ങളിലാണ് ഉയരത്തില്‍ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി നിര്‍മിക്കുന്നത്.