രചന: അച്ചാമ്മ തോമസ്, തൊടുപുഴ
നാം യാത്രയിലാണ്.
മുമ്പിൽ പാത അങ്ങനെ അങ്ങനെ നീണ്ടു നീണ്ടു പോവുകയാണ്.
നമ്മളിൽ ഒരുവൻ വീഴുമ്പോൾ പുറകെ വരുന്നവർക്ക് വേണ്ടിയാണ് വീഴുന്നത്. മാർഗ്ഗ തടസ്സമാകുന്ന കല്ലിനെ കുറിച്ചുള്ള
മുന്നറിയിപ്പാണത്. മുമ്പേ നടന്നു പോയവരെയും അത് ഓർമ്മിപ്പിക്കുന്നു. കാരണം അവരും കല്ലിനെ അല്ലെങ്കിൽ മാർഗ്ഗ തടസ്സത്തെ നീക്കിയില്ല. ഇന്നത്തെ സഞ്ചാരപഥം കാണുമ്പോൾ മുന്നിലുള്ള മാർഗ്ഗ തടസ്സത്തെ നീക്കാൻ നമ്മൾ ഓരോരുത്തരും കടപ്പെട്ടിരിക്കുന്നു. ലഹരി ഉപയോഗം പുരോഗതിയുടെ പാതയിൽ മാർഗ്ഗദർശമായ കല്ല് ആണെന്നും അതിൽ തട്ടി വീഴുന്നവരുടെ ജീവിതം പുറകെ വരുന്നവന് പാഠം ആകേണ്ടതാണെന്നും ഗ്രഹിക്കണം. ലഹരി ഉല്പാദിപ്പിക്കുന്നവനും വിൽക്കുന്നവനും അതിന് അടിമപ്പെടുത്തുന്നവരും ഇതുമൂലം നഷ്ടപ്പെടുന്ന നല്ല ജീവിതവും പുറകെ വരുന്നവന് പാഠമാകണം. ഇത്തരം വസ്തുക്കൾ വിറ്റ് ലാഭം കൊയ്യുന്ന ജീവിതം താൽക്കാലികമായി ഉയർച്ചയിൽ എത്തിയാലും പിന്നീട് നഷ്ടത്തിൽ കലാശിക്കുന്നതായിട്ടാണ് കാണുന്നത്. ലഹരി വിൽക്കുന്നവൻ കുറ്റവാളിയാണ്, ജീവിതം നഷ്ടപ്പെടുത്തുന്നവൻ കുറ്റവാളിയുടെ ഇരയാണ്. കുറ്റം ചെയ്യുന്നവനും അല്ലാത്തവനും മനസ്സിൽ ഭാരം പേറുന്നവനാണ്. ഇത് ചെയ്യുന്നവനെയും നിഷ്കളങ്കനേയും വേർതിരിക്കാനാവില്ല. കാരണം നെയ്ത്തുകാരനായ ദൈവം വെളുത്ത നൂലും കറുത്ത നൂലും ഒന്നിച്ച് തറിയിലാക്കി നെയ്യുന്നു. ഒന്നു പൊട്ടിപ്പോയാൽ തറി മുഴുവൻ പരിശോധിക്കേണ്ടി വരുന്നു. പൊട്ടിപ്പോയ നൂല് മാത്രമല്ല അതിന് കാരണമായ മറ്റു നൂലുകളെയും തീയിലിട്ടേക്കാം. ഇത്തരം കല്ലുകളിൽ തട്ടി വീഴാതിരിക്കാനും മറ്റുള്ളവരെ വീഴ്ത്താതിരിക്കാനും നമുക്കു പരിശ്രമിക്കാം.
ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ.