ന്യൂഡൽഹി: 2024ൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണം സംഭവിച്ചത് കേരളത്തിലാണെന്ന് കേന്ദ്ര സർക്കാരിൻറെ കണക്ക്. കഴിഞ്ഞ വർഷം കേരളത്തിൽ കൊവിഡ് ബാധിച്ചു മരിച്ചത് 66 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ലോക്സഭയിൽ വച്ച രേഖകൾ പറയുന്നു. കഴിഞ്ഞ വർഷം 5597 പേർക്ക് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചു. 2023ൽ 516 മരണമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതെന്നും കേന്ദ്ര സർക്കാരിൻറെ കണക്കുകൾ വ്യക്തമാക്കുന്നു.
കൊവിഡ് മരണം കൂടുതൽ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കർണാടകയിലാണ്.
2024ൽ 7252 കൊവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ കഴിഞ്ഞ വർഷം 39 കൊവിഡ് മരണങ്ങളും മഹാരാഷ്ട്രയിൽ കഴിഞ്ഞ വർഷം 35 കൊവിഡ് മരണങ്ങളും സംഭവിച്ചതായാണ് കണക്ക്. മഹാരാഷ്ട്രയിൽ ഇക്കാലയളവിൽ 5658 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
വളരെ പരിമിതമായ കൊവിഡ് പരിശോധനകൾ മാത്രമാണ് ഇപ്പോൾ രാജ്യത്ത് നടന്നുവരുന്നത്. പനിയുമായി ആശുപത്രിയിലെത്തുന്ന എല്ലാവരോടും ആർടിപിസിആർ പരിശോധന നടത്താൻ നിർബന്ധിക്കാറില്ല.
ഗുരുതരമായ ശ്വസനസംബന്ധമായ പ്രശ്‌നങ്ങളുള്ളവർക്കാണ് നിലവിൽ കൊവിഡ് പരിശോധന നടത്തുന്നത്. കൊവിഡ് കേസുകൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും സമൂഹത്തിൻറെയാകെ ശരാശരി കൊവിഡ് പ്രതിരോധം മെച്ചപ്പെട്ടിട്ടുണ്ടെന്നും രോഗം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറഞ്ഞുവരികയാണെന്നും ഐഎംഎ അറിയിച്ചു.






