ഇടുക്കി: ഇടുക്കിയ്ക്ക് പ്രതീക്ഷ നൽകി കൊണ്ട് ബജറ്റിൽ വവിധ പദ്ധതികൾക്കായി തുക അനുവദിച്ചു. മൂവാറ്റുപുഴ വാലി സേനനീരാവി പദ്ധതി നടപ്പാക്കുന്നതിനായി 10 കോടി അനുവദിച്ചു. ചെറുതോണി, ഇടുക്കി എന്നിവിടങ്ങളിലെ ബസ് ഡിപ്പോകളും ബസ് സർവീസുകളും പ്രവർത്തനക്ഷമമാക്കുന്നതിനായി രണ്ട് കോടി അനുവദിച്ചിട്ടുണ്ട്. അങ്കമാലി – എരുമേലി ശബരി റെയിൽപാത പദ്ധതിയുടെ കണക്കുകൂട്ടൽ 2023ൽ 3800.93 കോടിയായി പുതുക്കിയിരുന്നു. ഈ പദ്ധതിയുടെ നടപ്പാക്കലിനായി ആവശ്യമായ ഫണ്ട് എം.ഐ.ഡി.പി വകുപ്പിൽ നിന്ന് അനുവദിക്കും.
ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിൽ എയർസ്ട്രിപ്പുകളുടെ ഡിപിആർ തയ്യാറാക്കുന്നതിനും പ്രാഥമിക പ്രവർത്തനങ്ങൾക്കുമായി ഓരോ സ്ഥലത്തും 50 ലക്ഷം വീതം അനുവദിച്ചിട്ടുണ്ട്. മൊത്തം 1.5 കോടി. കൂടാതെ, ഉടാൻ പദ്ധതിയുടെ ഭാഗമായി കടലിനേയും ചെറിയ വിമാനങ്ങൾക്കും അനുയോജ്യമായ ഹ്രസ്വ റൺവേ സംവിധാനങ്ങൾ സജ്ജമാക്കുന്നതിനായി 50 കോടി അധികമായി അനുവദിച്ചിട്ടുണ്ട്.
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങൾക്കായി 21 കോടി അനുവദിച്ചിട്ടുണ്ട്. ഈ കോർപ്പറേഷൻ കേരളത്തിലെ 17 തിയേറ്ററുകൾ കൈവശം വയ്ക്കുന്നു. ഇതിൽ കണ്ണൂരിലെ പാലയാട്, ഇടുക്കിയിലെ മൂന്നാർ എന്നിവിടങ്ങളിൽ പുതിയ തിയേറ്ററുകൾ നിർമ്മിക്കുന്നതിനായി മൂന്ന് കോടി മാറ്റിവെച്ചു.
ഇടുക്കി ജില്ലയിലെ ചിത്തിരപുരത്ത് ഐടിഐ കെട്ടിട നിർമാണത്തിനായി രണ്ട് കോടി അനുവദിച്ചു. ഇടുക്കി ജില്ലയിൽ കുട്ടികൾക്കായി ഒരു സർക്കാർ സംരക്ഷണ ഭവനം സ്ഥാപിക്കുന്നതിന് മൂന്ന് കോടി അനുവദിച്ചു. ഇതുവഴി എല്ലാ ജില്ലകളിലും സർക്കാർ സംരക്ഷണ ഭവനങ്ങൾ സ്ഥാപിക്കാനുള്ള ലക്ഷ്യം കൈവരിക്കും. ഇടുക്കി മൂലമറ്റം – നാടുകാണി പവിലിയൻ കേബിൾ കാർട്ട് പദ്ധതി പി.പി.പി മോഡൽ പ്രകാരം നടപ്പാക്കുന്നതിനായി മൂന്ന് കോടി അനുവദിച്ചു. എന്നാൽ ഇടുക്കി മെഡിക്കൽ കോളേജിന്റെ വികസനത്തിനോ വിനോദ സഞ്ചാരത്തിന് ഉതകുന്ന പദ്ധതികളോ പ്രഖ്യാപിക്കാത്തത് നിരാശ നൽകുന്നതാണ്.