Timely news thodupuzha

logo

കാമാക്ഷി ഗ്രാമപഞ്ചായത്ത് പാലിയേറ്റിവ് കുടുംബ സംഗമം സ്നേഹതീരം സംഘടിപ്പിച്ചു; മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

തങ്കമണി: കാമാക്ഷി ഗ്രാമപഞ്ചായത്തിൽ അവശത അനുഭവിക്കുന്ന നിത്യരോഗികളുടെ കുടുംബ സംഗമം സ്നേഹതീരം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. അശരണരായ പാലിയേറ്റീവ് രോഗികളുടെ പരിചരണത്തിനായി കാമാക്ഷി ഗ്രാമപഞ്ചായത്ത് നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് ചെയ്ത് മന്ത്രി പറഞ്ഞു. പാലിയേറ്റീവ് രോഗികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന തങ്കമണി ദൈവദാൻ വൃദ്ധസദനത്തിലെ അംഗങ്ങൾക്കായി പതിനായിരം രൂപയുടെ സമ്മാനപത്രവും മന്ത്രി കൈമാറി.

തങ്കമണി സെൻ്റ്. തോമസ് പാരിഷ് ഹാളിൽ നടന്ന യോഗത്തിൽ കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനുമോൾ ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ പാലിയേറ്റീവ് നഴ്സ് പെണ്ണമ്മ തോമസിനെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം കെ. ജി സത്യൻ ഡയാലിസിസ് രോഗികൾക്ക് ധനസഹായ വിതരണം നടത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റെനി റോയി, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ചിഞ്ചുമോൾ ബിനോയി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.ജെ ജോൺ, എൻ ആർ അജയൻ, വി.എൻ പ്രഹ്ളാദൻ, ഷേർളി ജോസഫ്, റീന സണ്ണി, ജോസ് തൈച്ചേരിൽ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ജിൻസി ജോസ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *