കറാച്ചി: പാക്കിസ്ഥാനിൽ ഭീകരർ റാഞ്ചിയ ട്രെയിനിൽ നിന്ന് 104 പേരെ മോചിപ്പിച്ചു. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 16 ഭീകരരും 20 പാക് സൈനികരും കൊല്ലപ്പെട്ടു.
ചൊവ്വാഴ്ചയാണ് പാക്കിസ്ഥാനിലെ ക്വെറ്റയിൽ നിന്ന് പെഷവാറിലേക്ക് 500ലേറെ യാത്രക്കാരുമായി പോയ ട്രെയ്‌ൻ ബലൂചിസ്ഥാൻ വിമോചന(ബി.എൽ.എ) സേന ആക്രമണത്തിലൂടെ പിടിച്ചെടുത്തത്. ഒമ്പത് ബോഗികളുള്ള ജാഫർ എക്സ്പ്രസാണ് ഗുഡലാറിനും പിരു കൊനേരിക്കും ഇടയിലെത്തിയപ്പോൾ ബി.എൽ.എ റാഞ്ചിയത്.
ആറ് സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടെന്നാണ് വിവരം. പാക് സേന പ്രതികരണത്തിനു മുതിർന്നാൽ മുഴുവൻ ബന്ദികളെയും കൊലപ്പെടുത്തുമെന്ന ഭീഷണി മുഴക്കിയിരുന്നു. ബലൂചിസ്ഥാനിൽ സർക്കാരിനെതിരേ പ്രക്ഷോഭം രൂക്ഷമായിരിക്കെയാണു ബിഎൽഎയുടെ കടുത്ത നീക്കം.
എന്നാൽ എന്താണ് ഭീകരരുടെ ആവശ്യം എന്നത് സംബന്ധിച്ച് ഇതുവരെയും വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. മുൻപ് ഇവിടെ റെയ്‌ൽ പാളത്തിനു നേരേ ബിഎൽഎ റോക്കറ്റുകളും ബോംബും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ആക്രമണം പതിവായതിനെത്തുടർന്ന് ഒന്നര മാസത്തോളം നിർത്തിവച്ച ട്രെയ്‌ൻ സർവീസ് കഴിഞ്ഞ ഒക്റ്റോബറിലാണു പുനരാരംഭിച്ചത്.
ഇറാനോടും അഫ്ഗാസ്ഥാനോടും അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഏറെക്കാലമായി വിഘടനവാദം ശക്തമാണ്. രാജ്യത്തെ ധാതുസമ്പന്നമായ ഈ മേഖല സ്വതന്ത്ര രാജ്യമാക്കണമെന്ന് ആവശ്യവുമായി രംഗത്തുള്ള വിമതരാണ് ബിഎൽഎ. പാക്കിസ്ഥാനും യുഎസും യുകെയും നിരോധിച്ച സംഘടനയാണിത്.