മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അമ്മയ്ക്കും മകൾക്കും ചികിത്സ നിഷേധിച്ചതായി പരാതി. എആർ നഗർ സ്വദേശി ഉഷയ്ക്കും മകൾ നിഥാനയ്ക്കുമാണ് ചികിത്സ ലഭിക്കാതിരുന്നത്. ഫെബ്രുവരി 28ന് രാത്രിയുണ്ടായ വാഹനാപകടത്തിൽ ഇരുവർക്കും പരുക്കേറ്റിരുന്നു. തുടർന്ന് 10: 45 ഓടെ ആശുപത്രിയിലെത്തിയെങ്കിലും അരമണികൂർ കാത്തുനിന്നിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി.
അത‍്യാഹിതത്തിലെത്തിയ ഇവരെ മുറിവ് കെട്ടുന്ന റൂമിലേക്ക് മാറ്റിയിരുന്നുവെങ്കിലും പരിശോധിക്കാനായി ഡോക്റ്റർമാർ എത്തിയില്ല. വേദന പല തവണ ശ്രദ്ധയിൽപെടുത്തിയിരുന്നുവെങ്കിലും ചികിത്സ ലഭിക്കാതെ വന്നതോടെ ഇരുവരെയും ബന്ധുക്കൾ സ്വകാര‍്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ ആരോഗ‍്യ മന്ത്രി, ആരോഗ‍്യ വകുപ്പ് ഡയറക്‌ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, എന്നിവർക്ക് പരാതി നൽക്കാൻ ഒരുങ്ങുകയാണ് ഉഷയും കുടുംബവും.