കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ചികിത്സാപ്പിഴവ് മൂലം രോഗി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളെജിലാണ് സംഭവം. പേരാമ്പ്ര സ്വദേശി വിലാസിനിയാണ്(57) മരിച്ചത്. ഗർഭപാത്രം നീക്കം ചെയ്യുന്നതിനായി വിലാസിനിയെ ഡോക്റ്റർമാരുടെ നിർദേശ പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയോടെ ശസ്ത്രക്രിയ നടത്തുകയും ശസ്ത്രക്രിയക്കിടെ വിലാസിനിയുടെ കുടലിന് ചെറിയ മുറിവ് പറ്റിയതായും തുന്നിട്ടതായും ഡോക്റ്റർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു.
പിന്നീട് വാർഡിലേക്ക് മാറ്റിയ രോഗിക്ക് ഡോക്റ്റർമാരുടെ നിർദേശ പ്രകാരം കട്ടിയുള്ള ആഹാരം നൽകിയിരുന്നു. പിന്നാലെ വയറു വേദന അനുഭവപ്പെടുകയും ഡോക്റ്റർമാരെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ഗ‍്യാസ് ട്രബിളിൻറെ പ്രശ്നമാണെന്ന് പറഞ്ഞ് മരുന്ന് നൽകിയെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ഉച്ചയ്ക്ക് വേദന കടുത്തതോടെ മറ്റൊരു മരുന്ന് നൽകുകയും വൈകുന്നേരത്തോടെ ഐസിയുവിലേക്ക് മാറ്റുകയുമായിരുന്നു.
അണുബാധ ഉള്ളതിനാൽ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്റ്റർമാർ അറിയിച്ചതായും ബന്ധുക്കൾ പറയുന്നു. കുടലിൽ മുറിവുണ്ടായ സ്ഥലത്താണ് അണുബാധയെന്നും അണുബാധയുള്ള ഭാഗം മുറിച്ചുകളയണമെന്നും പിന്നീട് ഡോക്‌ടർമാർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയുടെ ആരോഗ‍്യസ്ഥിതി മോശമാവുകയും വെൻറിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.
അണുബാധ കരളിലടക്കം ബാധിച്ചുവെന്ന വിവരമാണ് പിന്നീട് ലഭിച്ചത്. സ്വകാര‍്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ‍്യപ്പെട്ടിട്ടും ഡോക്റ്റർമാർ സമ്മതിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. കുടലിന് പറ്റിയ മുറിവ് കൃത‍്യമായി ചികിത്സിക്കാത്തതാണ് രോഗിയുടെ ആരോഗ‍്യസ്ഥിതി മോശമാകാനും മരണത്തിനും കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ആശുപത്രി സുപ്രണ്ടിനും മെഡിക്കൽ കോളെജ് പൊലീസിലും പരാതി നൽകിയിട്ടുണ്ട്. അതേസമയം ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.