കൊച്ചി: ആലുവയിൽ നിന്നും കാണാതായ 13 വയസുള്ള കുട്ടിയെ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയോടെ കുട്ടി വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമായി നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടി സ്വയം തിരികെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. ആലുവ എസ്എൻഡിപി സ്കൂൾ വിദ്യാർഥിയും തായിക്കാട്ടുകര സ്വദേശിയുമായ കുട്ടിയെ ചൊവ്വാഴ്ച രാത്രി മുതലാണ് കാണാതായത്.
ചായ കുടിക്കാനെന്ന് പറഞ്ഞ് പുറത്തേക്ക് പോയ കുട്ടി പിന്നീട് തിരികെ വന്നിരുന്നില്ല. ഇതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കാൻ മാതാപിതാക്കൾക്ക് പൊലീസ് നിർദേശം നൽകി. കുട്ടിയിൽ നിന്ന് പൊലീസ് വിശദമായി മൊഴിയെടുക്കും. കുടുംബത്തിൻറേയും സ്കൂൾ അധികൃതരുടേയും മൊഴി ഒന്നുകൂടി ശേഖരിക്കുമെന്നും കുട്ടിക്ക് ഏതെങ്കിലും ലഹരി കേന്ദ്രങ്ങളുമായി ബന്ധമുണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.