വാഷിങ്ടൺ: നിപ്പ്/ടക്ക്, ചാർമിഡ്, ഫൻറാസ്റ്റിക് ഫോർ എന്നീ സിനിമകളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ ജൂലിയൻ മക്മഹോൻ അന്തരിച്ചു. 56 വയസായിരുന്നു. അർബുദ രോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു താരം. മക്‌മോഹൻറെ ഭാര്യ കെല്ലി മക്മഹോൻ ആണ് മരണ വാർത്ത അറിയിച്ചത്. ഓസ്‌ട്രേലിയയുടെ മുൻ പ്രധാനമന്ത്രി സർ വില്യം മക്മഹോൻറെ മകൻ ആണ് ജൂലിയൻ. മോഡലിങ്ങിലൂടെയാണ് ജൂലിയൻ തൻറെ കരിയർ ആരംഭിച്ചത്.
1989ൽ ഒരു ഹ്രസ്വകാല ഓസ്‌ട്രേലിയൻ ടെലിവിഷനിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം 1992-ൽ യുഎസ് ടിവി ഷോകളിലേക്കും എത്തി. 1993-ൽ എൻബിസിയുടെ ‘അനദർ വേൾഡ്’, ഫാൻറസി ഡ്രാമ ‘ചാർമിഡി’ൻറെ 3 ഭാഗം എന്നിവയിൽ അഭിനയിച്ചതിനു ശേഷം, 2000ൽ ‘ഫൻറാസ്റ്റിക് ഫോറിൽ’ 4 സീസണുകളിലും ‘ഡോക്ടർ ഡൂം’ ആയി എത്തിയതോടെ ലോകമെമ്പാടും ആരാധകരെ നേടി കരിയർ തന്നെ മാറ്റി മറിച്ചു. പ്രെമോണിഷൻ, റെഡ്, പാരാനോയ, യു ആർ നോട്ട് യു, സ്വിംമ്മിങ് സഫാരി തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
2024ൽ പുറത്തിറങ്ങിയ ‘ദി സർഫർ വിത്ത് നിക്കോളാസ് കേജ്’ കാൻസ് ഫിലിം ഫെസ്റ്റിവലിൽ മിഡ്‌നൈറ്റ് സ്‌ക്രീനിങ് വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. 2025 ൽ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്‌സിലെ ക്രീം ത്രില്ലർ സീരീസ് ‘ദി റെസിഡൻസി’ലായിരുന്നു ജൂലിയൻറെ അവസാന വേഷം. സീരീസിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ വേഷമായിരുന്നു അവതരിപ്പിച്ചത്.