തൊടുപുഴ: രാജഭരണം മുതൽ മുൻപന്തിയിലായിരുന്ന കേരളത്തിലെ ആരോഗ്യരംഗം തകർന്നടിഞ്ഞതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു മന്ത്രി വീണാ ജോർജ് രാജി വെയ്ക്കണമെന്നു ഡിസിസി പ്രസിഡൻ്റ് സി.പി മാത്യു ആവശ്യപ്പെട്ടു.

ഒരു കാലത്തും കേട്ടിട്ടില്ലാത്ത രോഗങ്ങൾ പടർന്നു പിടിയ്ക്കുമ്പോൾ സർക്കാർ മെഡിക്കൽ കോളേജുകളുടേയും ആശുപത്രികളുടേയും അവസ്ഥ പരിതാപകരമാണ്. മരുന്നുകമ്പനികൾക്കു നൽകാനുള്ള കോടികളുടെ കുടിശികയും ഡോക്ടർമാരുടേയും ജീവനക്കാരുടേയും ക്ഷാമവും മൂലം ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു മികച്ച രീതിയിൽ നടപ്പിലാക്കിയ കാരുണ്യ ഇൻഷുറൻസ് പദ്ധതി അട്ടിമറിച്ചു.

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നു വീണപ്പോൾ അവശിഷ്ടങ്ങൾക്കിടയിൽ ആരുമില്ലെന്നു പറഞ്ഞു രക്ഷാപ്രവർത്തനത്തെ തകിടം മറിച്ച വകുപ്പ് മന്ത്രി, പാവപെട്ട വീട്ടമ്മയുടെ ഭൗതിക ശരീരം കണ്ടെത്തിയ നിമിഷം രാജി വെയ്ക്കേണ്ടതായിരുന്നു. താഴെ തട്ടു മുതൽ മുഖ്യമന്ത്രി വരെയുള്ള സിസ്റ്റത്തിന്റെ പേരു പറഞ്ഞു ഒഴിഞ്ഞുമാറാതെ ആരോഗ്യമന്ത്രി രാജി വെച്ചേ മതിയാവൂ എന്നു സി.പി മാത്യു കൂട്ടിച്ചേർത്തു.
തൊടുപുഴ – കരിമണ്ണൂർ ബ്ളോക് കോൺഗ്രസ് കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാ ആശുപത്രിയിലേക്കു നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ഷിബിലി സാഹിബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ഡി.സി.സി പ്രസിഡന്റ് റോയ് കെ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ നിഷ സോമൻ, രാജു ഓടയ്ക്കൽ, ഇന്ദുസുധാകരൻ, എൻ.ഐ ബെന്നി, എം.ഡി അർജുനൻ,
ലീലാമ്മ ജോസ്, ചാർളി ആന്റണി, പി.എസ് ചന്ദ്രശേഖരപിള്ള, ജോൺ നെടിയപാല, ജോയി മൈലാടി, റ്റി.ജെ പീറ്റർ, ജാഫർഖാൻ മുഹമ്മദ്, ടോമി പാലക്കൻ, എം.എച്ച് സജീവ്, പി.ആർ രാജേഷ് ബാബു, സെബാസ്റ്റ്യൻ മാത്യു എന്നിവർ സംസാരിച്ചു.
റോബിൻ മൈലാടി, സുരേഷ് രാജു, എ.കെ സുഭാഷ്കുമാർ, കെ.എം ജോസഫ്, ബി സജയകുമാർ, സി.വി ജോമോൻ, ജോഷി എടാട്ട്, പി.യു ഷാഹൂൽ ഹമീദ്, ജിജോ ജോസഫ്, ടി.കെ നാസർ, മനോജ് തങ്കപ്പൻ, പി.ജെ ഫ്രാൻസിസ്, ജിഫി ജോർജ്, ബിജോയ് ജോൺ എന്നിവർ മാർച്ചിനു
നേതൃത്വം നൽകി.






