പാലക്കാട്: സിപിഐ യുടെ പാലക്കാട് ജില്ലാ സെക്രട്ടറിയായി സുമലതാ മോഹൻദാസിനെ തെരഞ്ഞെടുത്തു. പാർട്ടിയുടെ കേരളത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയാണ്.
കഴിഞ്ഞ മൂന്നു ടേമിലും ജില്ലാ സെക്രട്ടറിയായിരുന്ന കെ.പി സുരേഷ് രാജിൻറെ പിൻഗാമിയായാണ് സുമലത എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ സുമലത, കേരള മഹിളാ സംഘം ദേശീയ കൗൺസിൽ അംഗവും മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമാണ്.
2010 – 2015 കാലത്ത് മലമ്പുഴ പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു. ശനിയാഴ്ച ചേർന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗവും തുടർന്ന് ചേർന്ന പുതിയ ജില്ലാ കൗൺസിൽ പ്രതിനിധികളുടെ യോഗവും സുമലതയെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.






